ജില്ലാ വികസന സമിതി യോഗം ആലപ്പുഴയിൽ എയിംസ്; സ്ഥലമേറ്റെടുപ്പ് പ്രൊപോസൽ സർക്കാരിന് കൈമാറണം
ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച പ്രൊപോസൽ അടിയന്തരമായി സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് അമ്പലപ്പുഴ എം എൽ എ ജി സുധാകരൻ ജില്ല വികസന സമിതിയോഗത്തിൽ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വേഗം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജില്ല കളക്ടർ ഷാജി വി.നായരുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാ വികസന സമിതി യോഗത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം എൽ എ. അർത്തുങ്കൽ-തിരുവിഴ എന്നിവിടങ്ങളിലെ അണ്ടർപാസ്സുകളിൽ നേരിടുന്ന രൂക്ഷമായ ഗതാഗതകുരുക്ക് പരിഹരിക്കണമെന്നും തിരുവിഴ അണ്ടർപാസ്സിൽ രൂപപ്പെട്ട കുഴി അടിയന്തിരമായി മൂടണമെന്നും ചേർത്തല എംഎൽഎ പി പ്രസാദ് യോഗത്തിൽ ആവശ്യപ്പെട്ടു.
ജില്ലയിലെ റോഡുകൾ ജലവാഹക കുഴലുകൾ സ്ഥാപിക്കുന്നതിനായി പൊളിച്ചതിനു ശേഷം സമയബന്ധിതമായി പുനഃസ്ഥാപിക്കണമെന്നും ജലവാഹക കുഴലുകൾ സ്ഥാപിക്കുന്നതിന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും ജി.സുധാകരൻ യോഗത്തിൽ പറഞ്ഞു.
ചേർത്തല മേഖലയിലെ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സർവീസ് റോഡുകളുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പി.പ്രസാദ് എം.എൽ.എ ആവശ്യപ്പെട്ടു. ദേശീയപാതയിലെ പൈലിങ് പ്രവർത്തിയുമായി ബന്ധപ്പെട്ട് കാനകളിലേയ്ക്ക് വെള്ളം ഒഴുക്കി വിടുന്നത് തടയണം. ദേശീയപാതയിൽ വിവിധയിടങ്ങളിൽ കാൽനടയാത്രക്കാർക്കായി എഫ് ഒ ബി സ്ഥാപിക്കണം. കാലവർഷത്തിൽ തകർന്ന റോഡുകളുടെ നവീകരണം പൂർത്തിയാക്കണം. ചേർത്തല കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് വൈകുന്നേരങ്ങളിൽ കൂടുതൽ ഫാസ്റ്റ് പാസ്സഞ്ചർ സർവീസുകൾ ഒരുക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.
കായംകുളം കെ എസ് ആർ ടി സി യുടെ നിർമാണത്തോടനുബന്ധിച്ച് സ്വീകരിച്ച പശ്ചാത്തല നടപടികൾ വേഗത്തിലാക്കണമെന്നു മന്ത്രി എം ലിജുവിന്റെ പ്രതിനിധി യു മുഹമ്മദ് ആവശ്യപ്പെട്ടു. കായംകുളം മണ്ഡലത്തിലെ ബഡ്ജറ്റിൽ അംഗീകരിച്ച റോഡ് പ്രവർത്തികൾ നവംബർ ഒൻപതിന് മുൻപ് പൂർത്തിയാക്കണമെന്നും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
തുറവൂരിൽ ഡി ടി പി സിയുടെ ഉടമസ്ഥതയിലുള്ള പാർക്കിന്റെ വികസനത്തിനായി നടപടി സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ പ്രതിനിധി കെ ടി സാരഥി ആവശ്യപ്പെട്ടു. തുറവൂർ വെസ്റ്റ് യു പി സ്കൂളിൽ പുതിയ കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് പഴയ കെട്ടിടം പൊളിച്ചു നീക്കാൻ അനുമതി ഉടൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. തിരുവമ്പാടി ജംഗ്ഷനിലെ അപകടസാധ്യത പരിഹരിക്കാൻ കൂടുതൽ ദിശാസൂചികകളും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് കെ സി വേണുഗോപാൽ എം പിയുടെ പ്രതിനിധി എ എ ഷുക്കൂർ ആവശ്യപ്പെട്ടു. ഇവിടെ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് ഒഴിവാക്കാനും നടപടി വേണം.ഈ മേഖലയിൽ അപകടം പതിവാണെന്നും ഷൂക്കൂർ പറഞ്ഞു. കുട്ടനാട്ടിൽ പെയ്ത ശക്തമായ മഴയിൽ മഴവെള്ളം കയറിയ ലൈബ്രറികൾക്ക് സമാശ്വാസ ധനസഹായം ലഭ്യമാക്കണമെന്നു കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രതിനിധി കെ ഗോപകുമാർ ആവശ്യപ്പെട്ടു. വിഷയം ആവശ്യമെങ്കിൽ പ്രമേയമാക്കി പരിഗണിക്കണം. മാവേലിക്കര മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കണമെന്നും യോഗത്തിൽ ആവശ്യം ഉന്നയിച്ചു.
ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷനായ യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ദീപ ശിവദാസൻ, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments