Skip to main content

ക്യാമ്പസുകളിൽ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ 'സിദ്ധാർത്ഥ്' ആപ്പ്

*ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിക്ക് നവംബർ നാലിന്  തുടക്കം. 

ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ അന്വേഷണ സംസ്‌കാരവും വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിക്കുന്ന  ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയും വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിടുന്ന സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ  ആപ്പിന്റെ ലോഞ്ചും നവംബർ നാലിന് നടക്കും . രാവിലെ 11.30 ന് തിരുവനന്തപുരം ഗവ: വിമൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ ആദ്യ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ  ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണും  പങ്കെടുക്കും.

വിദ്യാർത്ഥി ക്ഷേമവും ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രധാന പദ്ധതികളായ സ്റ്റുഡന്റ് ആസ്പിരേഷൻ സർവേ പുറത്തിറക്കൽ,  സി-ഡിറ്റുമായി സഹകരിച്ച് തയ്യാറാക്കിയ ശാസ്ത്രീയ മനോഭാവത്തെക്കുറിച്ചുള്ള ഓൺലൈൻ കോഴ്സ് എന്നിവയും  ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

 ശാസ്ത്രബോധത്തിന് 300 കേന്ദ്രങ്ങൾ

കേരള സംസ്ഥാന  ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ സയന്റിഫിക് ടെമ്പർ പദ്ധതിയിലൂടെ ശാസ്ത്ര ബോധം, മാനവികത, അന്വേഷണാത്മക ചിന്ത എന്നിവ വിദ്യാർത്ഥികളിൽ വളർത്തുകയാണ് ലക്ഷ്യം. ഇതിനായി  300 കേന്ദ്രങ്ങളിലൂടെ 15 ലക്ഷം യുവാക്കളിലേക്കും പൊതുസമൂഹത്തിലേക്കും ശാസ്ത്രബോധ പ്രചാരണം എത്തിക്കും. ശാസ്ത്രബോധ ഓൺലൈൻ കോഴ്സിനൊപ്പം കൈപ്പുസ്തകങ്ങൾ, വീഡിയോ റീലുകൾ എന്നിവയും തയാറാക്കും.

വിദ്യാർഥികളുടെ സുരക്ഷയ്ക്ക് സിദ്ധാർത്ഥ് ആപ്പ്

റാഗിങ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും  വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്നതാണ് സിദ്ധാർത്ഥ് സ്റ്റുഡന്റ് വെൽഫെയർ  ആപ്പ്. വ്യക്തിത്വം വെളിപ്പെടുത്താതെ ഓഡിയോ പരാതികൾ രേഖപ്പെടുത്താനും സുരക്ഷാ വിവരങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനും ആപ്പിലൂടെ സാധിക്കും. ആപ്പിന് നിയമപരമായ അടിത്തറ ഉറപ്പാക്കുന്നതിനും സംസ്ഥാന ആന്റി റാഗിങ് കമ്മീഷൻ രൂപീകരിക്കുന്നതിനുമായി സിദ്ധാർത്ഥ് ആന്റി റാഗിങ് ആക്ടിന്റെ കരട് സർക്കാരിന്റെ  പരിഗണനയിലാണ്. ശാസ്ത്ര മനോഭാവവും വിദ്യാർഥികളുടെ സുരക്ഷയും ക്ഷേമവും ശക്തിപ്പെടുത്തുന്ന ഈ പദ്ധതികൾ ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ വിദ്യാർഥി സൗഹൃദവും പുരോഗമനപരവുമാക്കുന്നതിനുള്ള സർക്കാരിന്റെ ഇടപെടലുകളുടെ ഭാഗമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു.

പി.എൻ.എക്‌സ്. 4639/2026

date