Skip to main content

പട്ടികജാതി-പട്ടികവർഗക്കാർക്കുള്ള തനത് ഭവന പദ്ധതി: ഗുണഭോക്തൃ പട്ടിക വകുപ്പ് നേരിട്ട് തയ്യാറാക്കും

        പട്ടികജാതി-പട്ടികവർഗ വികസന വകുപ്പിന്റെ തനത് ഭവനപദ്ധതിക്കുള്ള ഗുണഭോക്തൃ പട്ടിക വകുപ്പ് നേരിട്ട് തയ്യാറാക്കും. പദ്ധതിയുടെ അപേക്ഷാ സമർപ്പണം, ഗുണഭോക്തൃ തിരഞ്ഞെടുപ്പ് മുൻഗണന പട്ടിക തയ്യാറാക്കൽ എന്നിവ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. പട്ടികജാതിക്കാർ പട്ടികജാതി വികസന ഒഫീസുകളിലും, പട്ടികവർഗക്കാർ ട്രൈബൽ എക്‌സറ്റൻഷൻ ഒഫീസുകളിലുമാണ് അപേക്ഷിക്കേണ്ടത്. പൂർണ സുതാര്യതയോടെ പട്ടിക തയ്യാറാക്കും. അർഹരായവർക്ക് ധനസഹായ തുക നാല് ഗഡുക്കളായി നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് ലഭ്യമാക്കും.

വകുപ്പിന്റെ ഔദ്യോഗിക പോർട്ടൽ വഴിയുള്ള ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്. നവംബർ 16 വൈകിട്ട് അഞ്ചുവരെ അപേക്ഷ സമർപ്പിക്കാം.  

പദ്ധതിക്കായി സർക്കാർ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ നേരിട്ടോ പോർട്ടൽ വഴിയോ മാത്രം അപേക്ഷിക്കണമെന്ന് വകുപ്പ് മന്ത്രി കെ.എ. തുളസി അറിയിച്ചു.  നടപ്പ് സാമ്പത്തിക വർഷം ആകെ 1000 കോടി രൂപ ചെലവഴിച്ച് 25,000 പട്ടികജാതി കുടുംബങ്ങൾക്കും 7,000 പട്ടികവർഗ കുടുംബങ്ങൾക്കുമാണ് പദ്ധതിയിലൂടെ ഭവന നിർമ്മാണ സഹായം നൽകുന്നത്. പട്ടികജാതി വിഭാഗങ്ങൾക്കുള്ള സഹായം നാലിൽ നിന്ന് ആറ് ലക്ഷം രൂപയായും, പട്ടികവർഗക്കാർക്കുള്ള സഹായം പ്രദേശത്തിന്റെ പ്രത്യേകത അനുസരിച്ച് ആറ് ലക്ഷം, എട്ട് ലക്ഷം രൂപ എന്നിങ്ങനെ വർധിപ്പിച്ചിട്ടുണ്ട്.

വാർഷിക കുടുംബ വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് അപേക്ഷിക്കാൻ അർഹത. പട്ടികജാതി വിഭാഗത്തിൽ ഗ്രാമങ്ങളിൽ കുറഞ്ഞത് രണ്ട് സെന്റും നഗരങ്ങളിൽ ഒന്നര സെന്റും ഭൂമിയുള്ള 70 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ വനിതകളെയും പരിഗണിക്കും. നിർമിക്കുന്ന വീടിന് കുറഞ്ഞത് 500 ചതുരശ്ര അടി വിസ്തീർണം ഉണ്ടായിരിക്കണം. വിധവകൾ കുടുംബനാഥയായ കുടുംബങ്ങൾ, മാരക രോഗബാധിതരുള്ള കുടുംബങ്ങൾ, കുറഞ്ഞ വരുമാനക്കാർ, രണ്ടിലധികം വിദ്യാർഥികളുള്ള പട്ടികവർഗ കുടുംബങ്ങൾ എന്നിവർക്ക് പ്രത്യേക മുൻഗണന ലഭിക്കും.

സമർപ്പിക്കുന്ന അപേക്ഷകളുടെ പരിശോധന നവംബർ 24-നകം പൂർത്തിയാക്കി നവംബർ 30-ഓടെ ബന്ധപ്പെട്ട ജില്ല ഓഫീസർമാർക്ക് കരട് പട്ടിക കൈമാറും. അന്തിമ ഗുണഭോക്തൃ പട്ടിക ഡിസംബർ മൂന്ന് പ്രസിദ്ധീകരിക്കും. ഡിസംബർ ആറിന് സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ആ മാസത്തിൽ തന്നെ ആദ്യ ഗഡു വിതരണം ചെയ്യും. അപേക്ഷ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് തൊട്ടടുത്തുള്ള പട്ടികജാതി/പട്ടികവർഗ വികസന ഓഫീസുകളുമായോ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുമായോ അപേക്ഷകർ നേരിട്ട് ബന്ധപ്പെടണം.

പി.എൻ.എക്‌സ്. 4654/2026

date