Skip to main content

ഭിക്ഷാടനത്തിൽ നിന്ന് പുതുജീവിതത്തിലേക്ക്: പിതാവിനെയും മകനെയും ഏറ്റെടുത്ത് സ്മൈൽ പദ്ധതി

മലപ്പുറം കുന്നുമ്മലിൽ കാഴ്ചപരിമിതിയുള്ള മകനെ ബസ് സ്റ്റോപ്പിൽ ഇരുത്തി ഭിക്ഷാടനം നടത്തിയിരുന്ന അസം സ്വദേശിയെയും മകനെയും ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും നേതൃത്വത്തിൽ ഏറ്റെടുത്തു. ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സമഗ്ര പുനരധിവാസത്തിനായുള്ള സ്മൈൽ പദ്ധതിയുടെ ഭാഗമായാണ് ഇവരെ ഏറ്റെടുത്തത്. മകനെ ബസ് സ്റ്റോപ്പിൽ ഇരുത്തി ദൂരെ മാറിനിന്ന് നിരീക്ഷിക്കുകയും യാത്രക്കാർ നൽകുന്ന പണം ശേഖരിക്കുകയും ചെയ്യുന്നതായിരുന്നു പിതാവിന്റെ രീതി. രാവിലെ ഒമ്പത് മുതൽ 11 മണി വരെയുള്ള സമയത്തിനുള്ളിൽ ഇവർക്ക് ഭിക്ഷയായി 1,960 രൂപ ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി അങ്ങാടിപ്പുറത്തെ ഹോട്ടലിൽ മുറിയെടുത്ത് ഇവർ ജില്ലയിലെ വിവിധ ടൗണുകൾ കേന്ദ്രീകരിച്ച് ഭിക്ഷാടനം നടത്തിവരികയായിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയായതിനാൽ മകനെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. സ്മൈൽ പദ്ധതി കോ-ഓർഡിനേറ്റർ മൊയ്തീൻകുട്ടി, വെൽഫെയർ ഓഫീസർ സിൻഷ, കെയർ ഗിവർ സനൽകുമാർ, ലത്തീഫ് എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി. മലപ്പുറം ജില്ലയെ ഭിക്ഷാടന വിമുക്തമാക്കുകയാണ് സ്മൈൽ പദ്ധതിയുടെ ലക്ഷ്യം. പൊതുസ്ഥലങ്ങളിൽ ഭിക്ഷാടനം നടത്തുന്നവരെ കണ്ടാൽ പണം നൽകുന്നതിന് പകരം സ്മൈല്‍ പദ്ധതി പ്രവര്‍ത്തകരെ അറിയിക്കാം. ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ 9961177333 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.

date