Skip to main content

മാതൃവന്ദനം, വയോനിധി പദ്ധതികള്‍ക്ക് തുടക്കം

ഇടുക്കി ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന മാതൃവന്ദനം പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും പുതുതായി ആരംഭിച്ച വയോനിധി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫന്‍ നിര്‍വഹിച്ചു.

കളക്ടറേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഷൈനി റെജി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഷൈനി സജി, ജില്ലാ പഞ്ചായത്തംഗം മിനി സാബു,ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഐ.എസ്.എം) ഡോ. പി.ആര്‍. സലിം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, ഡോ. സൗമിനി സോമനാഥ്, ഡോ. കെ.കെ. ജീന, ഡോ.എ. ആശ, ഡോ. യു.ബി. ഷീജ, ഡോ. ആര്‍. മീരാദേവി, ഡോ. എല്‍. ജ്യോതിലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.
 
മാതൃവന്ദനം:
കഴിഞ്ഞ 10 വര്‍ഷമായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് മാതൃവന്ദനം. ജില്ലയിലെ ഗര്‍ഭിണികളുടെയും പ്രസവാനന്തരം അമ്മയുടെയും നവജാത ശിശുക്കളുടെയും ആരോഗ്യ സംരക്ഷണം ആയുര്‍വേദത്തിലൂടെ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ 17 ഡിവിഷനുകളിലെയും സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആയുര്‍വേദ ചികിത്സയും മരുന്നുകളും സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് ഇത്.

വയോനിധി:
60 വയസ്സിന് മുകളില്‍ പ്രായമുള്ള രോഗികളുടെ ആരോഗ്യ പരിപാലനത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ജില്ലാ പഞ്ചായത്തിന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലൂടെ നടത്തപ്പെടുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് വയോനിധി. വയോജനങ്ങള്‍ക്ക് ദൈനംദിന ജീവിതം സുഖപ്രദമാക്കുന്നതിനും, ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും, ആരോഗ്യപ്രദമായ വാര്‍ദ്ധക്യം നയിക്കുന്നതിനും സഹായകമാകുന്ന തരത്തിലുള്ള ഔഷധങ്ങളും നിര്‍ദ്ദേശങ്ങളും ഈ പദ്ധതിയിലൂടെ സൗജന്യമായി നല്‍കുന്നു.

 

date