ഇരുമ്പനം, ചിത്രപ്പുഴ പാലങ്ങളില്‍ റീ ടാറിംഗിന് 52.65 ലക്ഷം രൂപയുടെ ഭരണാനുമതി: മന്ത്രി അനൂപ് ജേക്കബ്
സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിലെ ഇരുമ്പനം റെയില്‍വേ മേല്പാലത്തിന്റെയും ചിത്രപ്പുഴ പാലത്തിന്റെയും
ഉപരിതലം പൂര്‍ണമായും റീടാറിംഗ് (റീസര്‍ഫസിംഗ്) ചെയ്യാന്‍ 52.65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.
പാലങ്ങളില്‍ രൂപപ്പെടുന്ന വലിയ കുഴികള്‍ കാരണം ഈ ഭാഗത്ത് പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. ഇതു പരിഹരിക്കാനാണ് അടിയന്തര ഇടപെടല്‍ നടത്തി ബിഎംബിസി റീ-ടാറിങ് ഉള്‍പ്പെടെയുള്ള റീസര്‍ഫസിംഗ് ജോലികള്‍ക്കായി തുക വകയിരുത്തിയത്.
കേടുപാടുകള്‍ സംഭവിച്ച ഉപരിതലം ഇളക്കിമാറ്റി പുതിയ ടാറിംഗ് നടത്തും.
ഇതുകൂടാതെ, കുഴികള്‍ അടയ്ക്കാന്‍ 10 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഉടന്‍തന്നെ കുഴികള്‍ അടയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ ഏറ്റവും തിരക്കേറിയ പ്രധാന റോഡുകളിലൊന്നാണ് സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ്. റെയില്‍വേ ലൈനിനു മുകളിലുള്ള സെന്റര്‍ സ്പാന്‍ നേര്‍രേഖയിലും തുടര്‍ന്നുള്ള മറ്റു സ്പാനുകള്‍ ചരിവോടു കൂടിയും നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍, ഭാരമേറിയ വാഹനങ്ങള്‍ അടിക്കടി ബ്രേക്കിട്ടു നിയന്ത്രിക്കേണ്ടി വരുന്നതാണു റോഡ് തകരാന്‍ കാരണമെന്നാണു ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്.
ചരിഞ്ഞ പ്രതലത്തിലൂടെ വാഹനം പോകുമ്പോഴുള്ള കടുത്ത ഇളക്കം പാലം ഉപരിതലവും മധ്യഭാഗത്തെ ബിറ്റുമിനസ് ഉപരിതലവും കേടുപാടുണ്ടാക്കുന്നു. ഇതുകാരണമാണു അടിക്കടി അറ്റകുറ്റപ്പണി വരുന്നതും മഴക്കാലത്ത് അപ്രോച്ച് റോഡില്‍ ഇടയ്ക്കിടെ ചെളിനിറഞ്ഞ മണ്ണ് പുറത്തേക്കു തള്ളുന്നതിനാല്‍ അപ്രോച്ച് റോഡില്‍ കുഴികള്‍ രൂപപ്പെടുന്നതും.
- Log in to post comments