*പൊലിമ പുതുക്കാട് പത്താംഘട്ട പുരസ്കാര വിതരണം സംഘടിപ്പിച്ചു*
40,000 വനിതകളെ കൃഷിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കിയ 'പൊലിമ പുതുക്കാട്' പദ്ധതിയുടെ പത്താം ഘട്ട പുരസ്കാര വിതരണം കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി.ബി അധ്യക്ഷത വഹിച്ചു.
മണ്ഡലതലത്തിൽ വല്ലച്ചിറ ഗ്രാമപഞ്ചായത്തിലെ സൗന്ദര്യ ജെ.എൽ.ജി. ഒന്നാം സ്ഥാനവും (2 ഏക്കറിൽ പച്ചക്കറി കൃഷി), മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ ഹരിത ജെ.എൽ.ജി. (ചെമ്മണ്ടപ്പള്ളി) രണ്ടാം സ്ഥാനവും (200 സെന്റിൽ 1500 കിലോഗ്രാം പച്ചക്കറി കൃഷി), വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ ഷീഫ ജെ.എൽ.ജി. മൂന്നാം സ്ഥാനവും (95 സെന്റിൽ 1500 കിലോഗ്രാം പച്ചക്കറി കൃഷി) കരസ്ഥമാക്കി. കൂടാതെ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെയും മികച്ച മൂന്ന് കുടുംബശ്രീ/ജെ.എൽ.ജി. ഗ്രൂപ്പുകൾക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.ടി. വിജയലക്ഷ്മി, ബീന സുരേന്ദ്രൻ, രതി ബാബു, ടെസ്സി ജോസ്, മീന മദനൻ, സുന്ദരി മോഹൻദാസ്, ഭാഗ്യവതി ചന്ദ്രൻ, കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഞെരിഞ്ഞാമ്പിള്ളി, വല്ലച്ചിറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിലകൻ വി.കെ, കൊടകര ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷ്നി, കുടുംബശ്രീ ജില്ലാ ഡി.പി.എം ദീപ കെ.എൻ എന്നിവർ സംസാരിച്ചു. വിവിധ സി.ഡി.എസ് ചെയർപേഴ്സൺമാർ, കൃഷി ഓഫീസർമാർ, കുടുംബശ്രീ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments