കളക്ടര്‍ ഇടപെട്ടു; കൊല്ലന്‍പടിയില്‍ അപകടാവസ്ഥയ്ക്ക് പരിഹാരമായി
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലെ കൊല്ലന്‍പടി ജംഗ്ഷനില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയായി തുറന്നുകിടന്ന ഓടയ്ക്ക് സ്ലാബ് സ്ഥാപിച്ചു. ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്റെ അടിയന്തര ഇടപെടലിനെത്തുടര്‍ന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീര്‍ഘകാലത്തെ ആവശ്യം പരിഹരിച്ചത്.
സമീപത്തെ എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനാളുകള്‍ ദിവസേന ആശ്രയിക്കുന്ന പാതയാണിത്. ഓട തുറന്നുകിടന്നത് കാല്‍നടയാത്രക്കാര്‍ക്ക് വലിയ സുരക്ഷാഭീഷണിയായിരുന്നു. ഓടയില്‍ വീണ് കുട്ടികളടക്കം നിരവധി പേര്‍ക്ക് മുന്‍പ് പരിക്കേറ്റ സംഭവങ്ങളുമുണ്ടായി. അപകടസാധ്യത സംബന്ധിച്ച് പത്ര വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ജില്ലാ കളക്ടര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടുകയായിരുന്നു.
വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് ഓടയ്ക്ക് മുകളില്‍ ഉടന്‍ സ്ലാബ് സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് (പി ഡബ്ല്യു ഡി) ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് നിര്‍മ്മാണപ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്ലാബുകള്‍ സ്ഥാപിച്ചു. വിദ്യാര്‍ഥികളുടെയും കാല്‍നടയാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പ്രദേശത്തെ ദീര്‍ഘകാലത്തെ പരാതിക്കും ഇതോടെ പരിഹാരമായി.
- Log in to post comments