*കുടുംബശ്രീ ബഡ്സ് ജില്ലാതല സംഗമം ഇന്ന് (നവംബർ 7)*
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ കഴിവുകളും സ്വപ്നങ്ങളും തിരിച്ചറിഞ്ഞ് സ്നേഹത്തോടെ ചേർത്തുപിടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ബഡ്സ് ജില്ലാതല സംഗമം 2026' ഇന്ന് (നവംബർ 7) നടക്കും. രാവിലെ 11-ന് കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടക്കുന്ന പരിപാടി രാജൻ ജെ. പല്ലൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ബഡ്സ് ജില്ലാതല ഉപദേശകസമിതി ചെയർപേഴ്സണുമായ മേരി തോമസ് അധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ മുഖ്യാതിഥിയായി പങ്കെടുക്കും.
ജില്ലയിലെ 21 ബഡ്സ് സ്ഥാപനങ്ങളിലായി പഠിക്കുന്ന 654 കുട്ടികളുടെ മാനസിക ഉല്ലാസവും സർഗ്ഗവാസനകൾ പുറത്തെടുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
ബഡ്സ് സംസ്ഥാന കലോത്സവ വാർത്തകൾ മികച്ച രീതിയിൽ ജനങ്ങളിലേക്കെത്തിച്ച മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും പരിപാടിയിൽ ആദരിക്കും. തുടർന്ന്, കുട്ടികളുടെ വിവിധ കലാപരിപാടികൾ, പ്രദീപ് കണ്ണൂരിന്റെ ജഗ്ഗിങ്, മാജിക് ഷോ എന്നിവയും അരങ്ങേറുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
- Log in to post comments