രാജ്യരക്ഷയ്ക്ക് ഗാന്ധിദര്‍ശനങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം:* *മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ*
രാജ്യരക്ഷയ്ക്ക്
ഗാന്ധി ദർശനങ്ങൾ ഉയർത്തിപ്പിക്കേണ്ടത് അനിവാര്യതയാണെന്ന് തുറമുഖ - പുരാരേഖ - പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഗാന്ധിജിയുടെ എഴുപതാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കത്ത് നടത്തിയ രക്തസാക്ഷ്യം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രം വളച്ചൊടിക്കപ്പെടുന്ന പ്രതിസന്ധി കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ക്ഷേത്രപ്രവേശന വിളംബര കാലത്ത് വൈക്കമെന്ന ചരിത്ര ഭൂമിയിൽ മാറ്റത്തിന്റെ വീര്യം ഉയർത്താൻ ഗാന്ധിയുടെ സന്ദർശനം കൊണ്ട് സാധിച്ചു.സംസ്ഥാന സർക്കാരാണ് അദേഹത്തിന്റെ രക്തസാക്ഷ്യം പരിപാടി വിപുലമായി നടത്താൻ രാജ്യത്ത് തന്നെ ആദ്യ നിർദ്ദേശം വെച്ചത്.ഈ വർത്തമാന കാലത്തും ഗാന്ധിജിയുടെ മാറ് തുളച്ച വെടിയുണ്ടയുടെ ശബ്ദം കേൾക്കുന്നുണ്ട്. മതത്തെ കൂട്ടു പിടിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന വർഗ്ഗീയ വാദികളുടെ വെടിയൊച്ചകൾ നമുക്ക് അവസാനിപ്പിക്കണം. ലോകമാകെ ഗാന്ധിജി യിലേക്ക് മടങ്ങുന്ന ഈ സാഹചര്യത്തിൽ
വർത്തമാനകാലത്ത് മഹാത്മാഗാന്ധി ആദരിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ചരിത്രം തെറ്റായി വ്യാഖ്യാനിക്കാൻ വ്യഗ്രത കാട്ടുന്ന ഒരു വിഭാഗം ആളുകൾ നമുക്കിടയിലുണ്ടെന്നും ചരിത്രമല്ല ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണ് മാറ്റിയെഴുതപ്പെടേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമാപന സമ്മേളനത്തിൽ സി.കെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ബിനോയ് വിശ്വം എം.പി, വൈക്കം വിശ്വൻ, മുൻ എം.എൽ.എ കെ.അജിത്ത് എന്നിവർ പ്രഭാഷണം നടത്തി. വൈക്കം നഗര സഭ ചെയർമാൻ പി.ശശിധരൻ കലാമത്സര വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. വിവിധ ഗ്രാമ പഞ്ചായത്തു പ്രസിഡന്റ്മാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബു സ്വാഗതവും കെ.കെ ശശികുമാർ നന്ദിയും പറഞ്ഞു. വടക്കേ നട ദേവസ്വം ഗ്രൗണ്ടിൽ നിന്നും ബോട്ടുജെട്ടി മൈതാനിയിലേക്ക് ആഘോഷമായ ഗാന്ധി സ്മൃതി ഘോഷയാത്രയ്ക്കും വയലാർ ഗാനസന്ധ്യയ്ക്കും ശേഷമാണ് സമാപന സമ്മേളനം നടന്നത്.സമ്മേളനത്തോടനുബന്ധിച്ച് വൈക്കം വിജയലക്ഷ്മിയുടെ ഗായത്രി വീണ കച്ചേരി നടത്തി.
- Log in to post comments