Skip to main content

ഹൃദയാഘാത പ്രഥമ ശുശ്രൂഷ; പൊതു അവബോധം സൃഷ്ടിക്കണം: മന്ത്രി എം ലിജു

 

 ഹൃദയാഘാത പ്രഥമ ശുശ്രൂഷ സംബന്ധിച്ച് പൊതു അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും പൊതുജനങ്ങൾക്ക് പരിശീലനം ലഭ്യമാക്കാൻ  നടപടി സ്വീകരിക്കുമെന്നും എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി എം ലിജു. ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീം നടപ്പാക്കുന്ന ജീവൻ രക്ഷാ ദുരന്തനിവാരണ പരിശീലന പദ്ധതി- ലൈഫ് ലൈൻ ജില്ലാതല ഉദ്ഘാടനവും കായംകുളം എം എസ് എം ഹയർസെക്കൻഡറി സ്കൂളിന് അനുവദിച്ച എൻഎസ്എസ് യൂണിറ്റിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ആദ്യഘട്ടം എന്ന നിലയിൽ പൊതു ഗതാഗത സംവിധാനങ്ങളുടെ ഭാഗമായ ഓട്ടോതൊഴിലാളികൾ, സ്വകാര്യ ബസ് ജീവനക്കാർ തുടങ്ങിയവർക്കായി പരിശീലനം ഒരുക്കും. പോലീസ് എക്സൈസ് ഫയർഫോഴ്സ് എന്നിവരുടെ പങ്കാളിത്തം പരിശീലന പരിപാടികളിൽ ഉറപ്പാക്കും. പ്രളയ സാഹചര്യങ്ങൾ നേരിടാൻ വിദ്യാർത്ഥികളെ സജ്ജമാക്കാൻ  നീന്തൽ പരിശീലനം ഒരുക്കും. കായംകുളത്ത് ഇതിനായി നീന്തൽ കുളം സ്ഥാപിക്കും. ലൈഫ് ലൈൻ പദ്ധതി ജില്ലയിലെ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. കുട്ടികളിൽ നേതൃപാടവം വളർത്താനും മികച്ച വ്യക്തിത്വ രൂപീകരണത്തിനും എൻഎസ്എസിന്റെ പ്രവർത്തനങ്ങൾ സഹായകമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വൈദ്യുതാഘാതമേറ്റ പക്ഷിയുടെ ജീവൻ സിപിആർ നൽകി തിരിച്ചുപിടിച്ച ജീവകാരുണ്യ പ്രവർത്തകൻ വൈ ഷാനവാസിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു.
നഗരസഭാംഗം സജനാ ഷഹീർ അധ്യക്ഷയായി. കായംകുളം മുൻസിപ്പൽ ചെയർമാൻ ശരത് ലാൽ ബല്ലാരി മുഖ്യാതിഥിയായി. സ്കൂൾ പ്രിൻസിപ്പൽ ടി സിദ്ധിഖ് സ്വാഗതം ആശംസിച്ചു. നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ അജി എസ് നായർ ആമുഖപ്രഭാഷണം നടത്തി. സ്കൂൾ പിടിഎ പ്രസിഡന്റ് സിയാദ് മണ്ണാമുറി, സ്കൂൾ എച്ച് എം സുൽഫത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ പ്രിയ രാമചന്ദ്രൻ, എ ഫാത്തിമ, ഗാന്ധിഭവൻ ഡയറക്ടർ മുഹമ്മദ് ഷമീർ,  വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

date