Skip to main content

102 കോടിരൂപ റോഡ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി ലഭിച്ചു

ജില്ലയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിന് 102 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് (നിരത്തുകള്‍)  എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫനന്‍സ് ഹാളില്‍ നടന്ന ജില്ലാവികസന സമിതി യോഗത്തിലാണ് ഈക്കാര്യം അറിയിച്ചത്.
നേരത്തേ അനുവദിച്ച തുകയില്‍ 40.5കോടി രൂപയുടെ പ്രവൃത്തിയാണ്   പൂര്‍ത്തീകരിച്ചത്. 45 കോടി രൂപയാണ് പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ അനുവദിച്ചിരുന്നത്. അതില്‍ 90 ശതമാനം രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. പ്രളയത്തില്‍ പൂര്‍ണ്ണമായും ഒലിച്ചുപോയ വണ്ടൂര്‍-നടുവത്ത്-വടക്കുംപാടം റോഡ് കലുങ്ക് എസ്.എല്‍.ഡി.എഫ് ഫണ്ട് ഉപയോഗിച്ച് പുനര്‍നിരമിച്ചിട്ടുണ്ട്. മങ്കട-വലമ്പൂര്‍, നിലമ്പൂര്‍ ഭാഗങ്ങളില്‍ മണ്ണിടിച്ചില്‍ കാരണം കേടുപാടുകള്‍ സംഭവിച്ച റോഡുകളെല്ലാം പുനര്‍നിര്‍മിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രളയത്തില്‍ കൃഷി നാശം സംഭവിച്ചവര്‍ക്ക് 21 കോടി 11 ലക്ഷം രൂപയുടെ നഷ്ടപരിഹാരം നല്‍കിയതായി കൃഷി പ്രിന്‍സിപ്പല്‍ ഓഫീസര്‍ ജില്ലാവികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ലയില്‍ 25 കോടി 49 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളാണ് കാര്‍ഷിക മേഖലയില്‍ സംഭവിച്ചത്. അതില്‍ 21 കോടി 11 ലക്ഷത്തിന്റെ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട്. ഇനി  നാലു കോടി രൂപയുടെ നഷ്ടപരിഹാരം മാത്രമേ വിതരണം ചെയ്യാനുള്ളുവെന്നും കൃഷി ഓഫീസര്‍ അറിയിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നായി നഷ്ടപരിഹാരത്തിനായി പതിനേഴായിരത്തില്‍ പരം അപേക്ഷകളാണ് ലഭിച്ചത്.
പ്രളയത്തിനുശേഷം മൈനര്‍ ഇററിഗേഷന്‍ ഡിവിഷനു കീഴില്‍ വിവിധ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കായി 69.91 ലക്ഷം രൂപയും സിവില്‍ പ്രവൃത്തികള്‍ക്കായി 179.74 ലക്ഷം രൂപയും അനുവദിച്ചതായി മൈനര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date