Skip to main content

കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് ഇന്ധന നികുതിയില്‍ ഇളവ് നല്‍കണം- ജില്ലാവികസന സമിതി

കരിപ്പൂര്‍ വിമാനത്താവളത്തിലെ  ഇന്ധനനികുതിയില്‍ പരമാവധി ഇളവ് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന്  പി ഉബൈദുള്ള എംഎല്‍എ ജില്ലാ വികസന സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന്  നിലവില്‍ 28 ശതമാനം ഇന്ധന നികുതിയാണ് ഈടാക്കുന്നത്. എന്നാല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഒരു ശതമാനം ഇന്ധന നികുതി മാത്രമാണ് ഈടാക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍ എയര്‍പോര്‍ട്ടിന് അനുവദിച്ച നികുതി ഇളവ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് കൂടി ബാധകമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.
പ്രളയത്തെ തുടര്‍ന്ന് തകര്‍ന്ന പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡമനുസരിച്ച് വീതിയുള്ളതുമായ ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ഗതാഗത യോഗ്യമാക്കണമെന്ന പ്രമേയവും യോഗത്തില്‍ അവതരിപ്പിച്ചു. ടി. എ അഹമ്മദ് കബീര്‍ എം.എല്‍.എ, പി ഉബൈദുള്ള എംഎല്‍എ എന്നിവരാണ്   ഇതു സംബന്ധിച്ച പ്രമേയം  അവതരിപ്പിച്ചത്.
യോഗത്തില്‍ എംഎല്‍എമാരായ പി. ഉബൈദുള്ള,  സി.മമ്മൂട്ടി,  ടി.എ അഹമ്മദ് കബീര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, നിയമസഭാസ്പീക്കറുടെ  പ്രതിനിധിയായി പി.വിജയന്‍, പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ  പ്രതിനിധിയായി സലീം കുരുവമ്പലം, പിവി അബ്ദുള്‍ വഹാബ് എംപിയുടെ പ്രതിനിധി അഡ്വ.സിദ്ദീഖ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി. ജഗല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
    ജപ്തി നടപടികള്‍ നിര്‍ത്തിവെയ്ക്കും
ജില്ലയിലെ എല്ലാ ബാങ്കുകളിലെയും ജപ്തിനടപടികള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവെക്കാനുള്ള നിര്‍ദേശം നല്‍കുമെന്ന്  ലീഡ് ബാങ്ക് മാനേജര്‍ ജില്ലാ വികസനസമിതി യോഗത്തില്‍ അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് ബാങ്കുകളിലെ  ജപ്തി നടപടികള്‍ മാര്‍ച്ച് 31 വരെ നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചില ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുന്നുണ്ടെന്ന കാര്യം  സി. മമ്മുട്ടി എംഎല്‍എയാണ്  ജില്ലാ വികസന സമിതി യോഗത്തില്‍ ചൂണ്ടിക്കാട്ടിയത്.   ഇത്  സംബന്ധിച്ച  നിര്‍ദേശം ബാങ്കുകള്‍ക്ക്  ഉടന്‍ നല്‍കുമെന്ന് ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു.

 

date