Skip to main content

വേനല്‍ക്കാല കൃഷിക്കൊരുങ്ങി പെരിന്തല്‍മണ്ണ നഗരസഭയില്‍ ജൈവ പച്ചക്കറി ക്ലബ്.

നഗരസഭയില്‍ 34 വാര്‍ഡുകളിലായി 868 പേര്‍ അംഗങ്ങളുള്ള ജൈവ പച്ചക്കറി ക്ലബ്  നിത്യോപയോഗത്തിന് ആവശ്യമായ പച്ചക്കറികള്‍ സ്വന്തം പുരയിടത്തില്‍ തന്നെ വിളയിക്കാനായി  വേനല്‍ക്കാല കൃഷിക്കൊരുങ്ങുന്നു. നഗരസഭയുടെ ജീവനം പദ്ധതി - ദ്വൈമാസ ശുചിത്വ ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് കൃഷി നടത്തുന്നത്.
ടെറസിലോ, പുരയിടത്തിലോ കുറഞ്ഞത് 150 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്തെങ്കിലും പച്ചക്കറി കൃഷി ചെയ്യാന്‍ കഴിയുന്നവരെയാണ് പച്ചക്കറി ക്ലബില്‍ അംഗമാക്കിയിരിക്കു ന്നത്. കൃഷി ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ക്ലബ്ബംഗങ്ങള്‍ കൃഷി നടത്തുക. വീടുകളിലെ ജൈവ മാലിന്യം സംസ്‌കരിച്ചുണ്ടാക്കുന്ന വളം ഇതിനായി  ഉപയോഗപ്പെടുത്തും. ഹരിതസേനാംഗങ്ങള്‍ നേരിട്ട് ക്ലബ്ബംഗങ്ങളുടെ വീടുകളിലെത്തി വിത്തുകള്‍ നല്‍കും.
പച്ചക്കറിവിത്തുകള്‍ ക്ലബ്ബംഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ക്ലബംഗവും റിട്ട. എഞ്ചിനീയറുമായ പി.വി സുഹറാബിക്ക് നല്‍കി കൊണ്ട് നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കെ.സി മൊയ്തീന്‍ കുട്ടി അദ്ധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ നിഷി അനില്‍രാജ്, നഗരസഭ സെക്രട്ടറി എസ്.അബ്ദുല്‍ സജീം, കൗണ്‍സിലര്‍ തെക്കത്ത് ഉസ്മാന്‍ കൃഷി ഓഫീസര്‍ മാരിയത്ത് കിബ്ത്തിയ്യ, കൗണ്‍സിലര്‍ കാരയില്‍ സുന്ദരന്‍ എന്നിവര്‍ സംസാരിച്ചു.

 

date