ജലവിഭവ വകുപ്പിനെ ജനസേവന വകുപ്പാക്കി മാറ്റുമെന്ന് മന്ത്രി മോന്‍സ് ജോസഫ്
ജലലഭ്യതയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ പരിഹരിക്കാന്‍ എംഎല്‍എമാര്‍ ചെയര്‍പേഴ്സണായുള്ള കമ്മിറ്റി രൂപീകരിക്കും
ജലവിഭവവകുപ്പിന്റെ ആദ്യജില്ലാതലയോഗം പത്തനംതിട്ടയില്‍ ചേര്‍ന്നു
ജനങ്ങളുടെ കുടിവെള്ള അവകാശം ഉറപ്പാക്കാന്‍ ജലനയം രൂപീകരിക്കുമെന്നും വകുപ്പിനെ പുനസംഘടിപ്പിച്ച് ജനസേവന വകുപ്പാക്കി മാറ്റുമെന്നും ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ടുള്ള പ്രാദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജില്ല ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജലവിഭവവകുപ്പിന്റെ ജില്ലാതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പ്രാദേശികമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണമെന്ന് എംഎല്‍എമാര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. നിയമസഭ സ്പീക്കറുടേയും അഭ്യര്‍ത്ഥന പരിഗണിച്ച് ജില്ലാതലത്തില്‍ എംഎല്‍എമാരുടെയും എംപിമാരുടേയും മറ്റ് ജനപ്രതിനിധികളുടേയും സാന്നിധ്യത്തില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. ശബരിമല തീര്‍ഥാടനത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യ ജില്ലാതല യോഗം പത്തനംതിട്ടയിലാണ് ചേരുന്നതെന്ന് മന്ത്രി അറിയിച്ചു.
സംസ്ഥാനത്തൊട്ടാകെ കുടിവെള്ള പദ്ധതികള്‍ പലതിലും പോരായ്മകള്‍ ഉണ്ട്. വാട്ടര്‍ അതോറിറ്റിയുടെ നിലവിലുള്ള പദ്ധതികള്‍ കുറ്റമറ്റ നിലയിലേക്ക് മാറ്റുകയും ജല്‍ജീവന്‍ മിഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികള്‍ പരിഹരിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. ജലജീവന്‍ മിഷന്റെ ഭാഗമായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടങ്കിലും പലയിടത്തും വെള്ളം നല്കാന് കഴിയാത്ത സാഹചര്യമാണുള്ളത്. 2021 മുതല്‍ 2024 വരെയുള്ള മൂന്ന് ഘടങ്ങളിലെ ജലജീവന്‍ പ്രവൃത്തികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. 2028 ന് മുന്‍പായി എല്ലാ പ്രവൃത്തികളും പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. കേന്ദ്ര ജലശക്തി മന്ത്രിയുമായി ചര്‍ച്ച നടത്തി മുടങ്ങികിടക്കുന്ന പ്രവൃത്തികള്‍ പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കും. തകരാറിലായ മോട്ടാര്‍ മാറ്റി പുതിയ മോട്ടര്‍ സ്ഥാപിക്കുന്നതിന് പ്രത്യേക പദ്ധതി നടപ്പാക്കും. കരാറുകാരുടെ കുടിശ്ശിക തുക കാലതാമസം കൂടാതെ നല്‍കും. ജില്ലയിലെ ഓവര്സീയറുമാരുടെ ഒഴിവ് നികത്തും. പമ്പ, മണിമലയാര്‍, മീനച്ചിലാര്‍ തുടങ്ങിയ പ്രധാന നദികളിലെ മണ്ണും ചെളിയും മാറ്റി ശുചീകരിക്കന്നതിനും ജലസംഭരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നീരൊഴുക്ക് സുഗമമാക്കാനും നടപടി സ്വീകരിക്കും. കല്ലട ഇറിഗേഷന്‍ പ്രോജക്റ്റ് ഉള്‍പ്പെടെയുള്ള കാനാലുകളിലെ കാടും പടലും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് നവീകരിക്കുന്ന സമഗ്ര കര്‍മ്മപരിപാടി ആവിഷ്കരിച്ചിട്ടുണ്ട്.
കുടിവെള്ള ലഭ്യതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ എല്ലാ നിയമസഭ മണ്ഡലങ്ങളിലും എംപിമാരുടെ സാന്നിധ്യത്തില്‍ എംഎല്‍എമാര്‍ ചെയര്പേഴ്സണ്മാരായുള്ള സ്റ്റാറ്റിയൂട്ടറി കമ്മിറ്റി രൂപീകരിക്കും. തദ്ദേശ സ്വയംഭരണസ്ഥാപന പ്രതിനിധികള്‍, വാട്ടര്‍ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയില്‍ പ്രാദേശിക വിഷയങ്ങള്‍ വേഗത്തില്‍ പരിഹരിക്കും. കമ്മിറ്റിയില്‍ പരിഹാരമാകാത്ത വിഷയങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
മണല്‍ അടിഞ്ഞുകൂടി വെള്ളപ്പൊക്കത്തിന് കാരണമാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ റവന്യൂ-ഇറിഗേഷന്‍ വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ മണല്‍ നീക്കം ചെയ്യും. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ചുമതല വഹിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പൈലറ്റ് പ്രോജക്റ്റായി ഇത് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ആന്റോ ആന്റണി എംപി, എംഎല്‍എമാരായ വര്‍ഗീസ് മാമ്മന്‍, പഴകുളം മധു, സി വി ശാന്തകുമാര്‍, അബിന്‍ വര്‍ക്കി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വാട്ടര്‍ അതോറിറ്റി എംഡി എസ് പ്രേംകൃഷ്ണന്‍, ജില്ലാ കലക്ടര്‍ എ നിസാമുദ്ദീന്‍, ജില്ല പോലീസ് മേധാവി ആര് ആനന്ദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍, ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര, എഡിഎം ആര് രാജലക്ഷ്മി, തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷര്‍, ഇറിഗേഷന്‍, വാട്ടര്‍ അതോറിറ്റി ചീഫ് എഞ്ചിനീയര്‍മാര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments