ളക്ട്രേറ്റ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ പ്രവർത്തന സജ്ജമാക്കണം – അമ്പലപ്പുഴ താലൂക്ക് വികസന സമിതി
ക
അമ്പലപ്പുഴ താലൂക്ക് വികസന സമിതിയുടെ നവംബർ മാസത്തിലെ യോഗം മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി അജയകുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ അമ്പലപ്പുഴ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കാനുള്ള നടപടി വേഗത്തിലാക്കുക, വണ്ടാനം ഡെൻറൽ കോളേജിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, ആലപ്പുഴ കളക്ടറേറ്റ് ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനസജ്ജമാക്കുക, താലൂക്കിന്റെ പരിധിയിൽ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ സംസ്ഥാന സർക്കാരിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
നാഷണൽ ഹൈവേയുടെ നവീകരണവുമായി ബന്ധപ്പെട്ട് സർവീസ് റോഡുകളിലെ യാത്ര ദുരിതപൂർണ്ണമാകുന്നു എന്നും കലവൂർ പുന്നപ്ര പുറക്കാട് പറവൂർ കുറവന്തോട് എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ പോലീസും ഗതഗതാഗത വകുപ്പും നാഷണൽ ഹൈവേയും സംയുക്തമായി ചേർന്ന് പരിശോധന നടത്തി ആയത് യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിൽ മാറ്റി സ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അമ്പലപ്പുഴ ബസ് സ്റ്റേഷനിൽ ബസ്സുകൾ അകത്തേക്ക് കയറി നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വേണ്ട നടപടി സ്വീകരിക്കുക., വണ്ടാനം മെഡിക്കൽ കോളേജ് മതിൽ നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കുക, മെഡിക്കൽ കോളേജിൽ ന്യൂറോ ഓ പി കൾ കൃത്യമായി പ്രവർത്തിക്കുന്നില്ല എന്നും മെഡിക്കൽ കോളേജിൽ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും ആവശ്യത്തിന് ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്നും കാക്കാഴം മേൽപ്പാലത്തിൽ ക്യാമറകൾ അടിയന്തരമായി സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കേരള വാട്ടർ അതോറിറ്റിയുടെ ഭാഗമായ ജിഡി സ്മാർട്ട് പുറക്കാട് ഗ്രാമപഞ്ചായത്ത് മുഖേന അമ്പലപ്പുഴ പോലീസ് കോട്ടേഴ്സിന്റെ അടുത്തായി ഏറ്റെടുത്ത സ്ഥലവും വണ്ടാനം മെഡിക്കൽ കോളേജിന്റെ സമീപത്തുള്ള വാട്ടർടാങ്കും നിർമ്മാണം പൂർത്തിയാക്കാതെ കിടക്കുന്നത് സംബന്ധിച്ചും നിർദ്ദേശമുയർന്നു.
ആര്യാട് പഞ്ചായത്തിന്റെ 17-ാം വാർഡിൽ അനധികൃതമായി നിർമ്മിച്ചു വന്ന ഷെഡ്ഡ് അടിയന്തരമായി പൊളിച്ചു മാറ്റുന്നതിന് പഞ്ചായത്ത് ഇടപെടണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.
യോഗത്തിൽ കൺവീനറായ കെ വി ഗിരീശൻ , ജില്ലാ പഞ്ചായത്ത് അംഗം എ ആർ കണ്ണൻ ,ഹെഡ് ക്വാട്ടേഴ്സ് തഹസിൽദാർ കെ.ബിന്ദു, എം പിയുടെ പ്രതിനിധി അഡ്വ. സനൽകുമാർ, ആലപ്പുഴ എം എൽ എ പ്രതിനിധി , മേഘനാഥൻ,അമ്പലപ്പുഴ എം എൽ എ പ്രതിനിധി ഹസൻ എം പൈങ്ങാമഠം, സഞ്ജീവ് ഭട്ട്, എസ് .എ അബ്ദുൽസലാം, പി രാജഗോപാൽ,ഗണേഷ് ബാബു, പി.ജെ.കുര്യൻ തുടങ്ങിയവരും വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും പങ്കെടുത്തു.
- Log in to post comments