വിദ്യാഭ്യാസ രംഗത്ത് നല്ല മാറ്റങ്ങള്‍ ദൃശ്യമാണ് : മന്ത്രി എ പി അനില്‍കുമാര്‍
വിദ്യാഭ്യാസ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനായിട്ടുണ്ടെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സലിങ് സെല്ലും നടത്തുന്ന ദിശ എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മന്ത്രി മലപ്പുറത്തിന് തന്ന സമ്മാനം കൂടിയാണ് ഈ പ്രദര്‍ശനമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന കായിക മേള കോഴിക്കോട് വെച്ച് ഏറ്റവും നല്ല രീതിയില്‍ സംഘടിപ്പിച്ച ശേഷമാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ ഈ ഒരു പ്രോഗ്രാം ഇവിടെ സംഘടിപ്പിക്കുന്നത്. ഹയര്‍ സെക്കന്‍ഡറി വിഭാഗം കുട്ടികള്‍ക്ക് പഠനത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ പിന്നീട് ഏത് വഴി വേണം, എങ്ങോട്ട് പോകണം എന്ന് തെരഞ്ഞെടുക്കേണ്ടി വരും. അത്തരത്തിലുള്ള ഒരു സാഹചര്യത്തില്‍ ഓരോ കുട്ടിയുടെയും താല്പര്യങ്ങള്‍ക്കും അഭിരുചിക്കുമനുസരിച്ച് അവര്‍ക്ക് അവരുടേതായ രീതിയിലൂടെ കടന്നുപോകാനുള്ള മാര്‍ഗ നിര്‍ദ്ദേശം ഈ പ്രോഗ്രാമിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
- Log in to post comments