സൗജന്യ കരിയർ ഗൈഡൻസ് ഫോൺ വഴി
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ, വിദ്യാഭ്യാസ മേഖലകളുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശം നൽകുന്നതിനായി എംപ്ലോയ്മെന്റ് വകുപ്പിന്റെ വൊക്കേഷണൽ ഗൈഡൻസ് (VG) വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'കരിയർ കോൾ' (Career Call) പരിപാടി സംഘടിപ്പിക്കുന്നു. ടെലിഫോൺ വഴി സൗജന്യമായി കരിയർ മാർഗനിർദ്ദേശം ലഭ്യമാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
വിവിധ തൊഴിലവസരങ്ങൾ, ഉപരിപഠന സാധ്യതകൾ, തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങൾ, സ്കോളർഷിപ്പുകൾ, അഭിരുചിക്കനുസരിച്ചുള്ള കോഴ്സ് തിരഞ്ഞെടുക്കൽ തുടങ്ങിയ വിഷയങ്ങളിൽ വൊക്കേഷണൽ ഗൈഡൻസ് ഓഫീസർമാർ നേരിട്ട് വിവരങ്ങളും മാർഗനിർദ്ദേശങ്ങളും നൽകും. തൊഴിൽപരമായ മുന്നേറ്റത്തിന് സഹായകമായ സംശയങ്ങൾക്കും ഫോൺ വഴി മറുപടി ലഭിക്കും.
വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. പ്രവൃത്തിദിവസങ്ങളിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ 0484-2422458 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം. സേവനം തികച്ചും സൗജന്യമാണ്.
- Log in to post comments