Skip to main content

എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് ഒന്ന് മുതൽ

*ഫലം മെയ് മാസം ആദ്യവാരം

2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി. പരീക്ഷ 2027 മാർച്ച് ഒന്നിന് ആരംഭിക്കും. മാർച്ച് 30-നാണ് പരീക്ഷ അവസാനിക്കുന്നത്. മെയ് മാസം ആദ്യവാരം എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്),  ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷകളും മാർച്ച് ഒന്നിന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കും. മാർച്ച് 8ന് നടക്കുന്ന പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും രാവിലെ 9.30-നാണ് ആരംഭിക്കുന്നത്.  എട്ടാം തീയതിയിലെ പരീക്ഷ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കായിരിക്കും ആരംഭിക്കുന്നത്.

ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാകേന്ദ്രങ്ങൾ ഉൾപ്പെടെ ആകെ 3,049 പരീക്ഷാകേന്ദ്രങ്ങളുണ്ട്.  ഗൾഫിലും ലക്ഷദ്വീപിലും 7 പരീക്ഷാ കേന്ദ്രങ്ങൾ വീതം അനുവദിച്ചിട്ടുണ്ട്.  ടി.എച്ച്.എസ്.എൽ.സി-യ്ക്ക് 46 പരീക്ഷാകേന്ദ്രങ്ങളും എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)-ന് 29 പരീക്ഷാകേന്ദ്രങ്ങളും ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്)-ന് 2 പരീക്ഷാകേന്ദ്രങ്ങളും എ.എച്ച്.എസ്.എൽ.സി-യ്ക്ക് ഒരു പരീക്ഷാകേന്ദ്രവുമാണ് ഉള്ളത് (കലാമണ്ഡലം).  എല്ലാ വിഭാഗങ്ങളിൽ നിന്നുമായി ഏകദേശം 4,25,000 (നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം വിദ്യാർത്ഥികൾ പൊതുപരീക്ഷയിൽ പങ്കെടുക്കും.

എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായ എസ്.എസ്.എൽ.സി ഐ.ടി പ്രാക്ടിക്കൽ പരീക്ഷ 2027 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് ഫെബ്രുവരി 15ന് അവസാനിക്കും.  എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 16ന് ആരംഭിച്ച് ഫെബ്രുവരി 20ന് അവസാനിക്കും.  എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ്സുകളുടെ മൂല്യനിർണ്ണയം 2027 ഏപ്രിൽ 5ന് ആരംഭിച്ച് ഏപ്രിൽ 27ന് അവസാനിക്കും.

2027 മാർച്ച് എസ്.എസ്.എൽ.സി പരീക്ഷയുടെ കാൻഡിഡേറ്റ് രജിസ്‌ട്രേഷൻ നവംബർ 18 മുതൽ ആരംഭിക്കും.  UEMS (യൂണിഫൈഡ് എക്‌സാമിനേഷൻ മാനേജ്‌മെന്റ് സിസ്റ്റം) എന്ന പുതിയ പരീക്ഷാ സോഫ്റ്റ് വെയറിലായിരിക്കും പരീക്ഷാ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുക. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അരുൺ കെ വിജയനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4746/2026

date