ഗവേഷണഫലങ്ങൾ സാധാരണക്കാരുടെ ജീവിതത്തിൽ പ്രയോജനപ്പെടണം: മുഖ്യമന്ത്രി വി.ഡി. സതീശൻ
18-ാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്തു
വെറ്ററിനറി മേഖലയിലെ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ഫലങ്ങൾ സാധാരണക്കാരുടെയും കർഷകരുടെയും ജീവിതത്തിൽ പ്രയോജനപ്പെടുന്ന രീതിയിൽ എത്തിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മണ്ണുത്തി വെറ്ററിനറി കോളേജിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ (ഐ.വി.എ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 18-ാമത് കേരള വെറ്ററിനറി സയൻസ് കോൺഗ്രസും ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവേഷണങ്ങൾ കേവലം പഠനങ്ങളായി മാത്രം ഒതുങ്ങാതെ സാധാരണക്കാരുടെ ജീവിതത്തിലേക്ക് പകർത്തപ്പെട്ടാൽ മാത്രമേ അവയ്ക്ക് അർത്ഥമുണ്ടാകൂ എന്നും ഇതിനായി സംസ്ഥാനത്ത് ആവശ്യമായ സംവിധാനം ഒരുക്കാൻ സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാർഷിക ഉൽപ്പാദനം കുറഞ്ഞതും ഉൽപ്പന്നങ്ങളുടെ വിലയിടിവും കാരണം കർഷകരുടെ ജീവിതം ദുരിതപൂർണ്ണമാണെന്നും, കൃഷിയെ മാത്രം ആശ്രയിച്ച് ഒരു കർഷകനും മുന്നോട്ട് പോകാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട മേഖലയിലേതടക്കമുള്ള ഭൂരിഭാഗം കർഷകരുടെയും പ്രധാന ഉപജീവനമാർഗ്ഗം ഇന്ന് കന്നുകാലി വളർത്തലാണ്. അതിനാൽ മൃഗസംരക്ഷണ വകുപ്പിന് സർക്കാർ പര്യാപ്തമായ പിന്തുണ നൽകുമെന്നും അടുത്ത ബജറ്റ് മുതൽ ഈ മേഖലയ്ക്കുള്ള തുകയുടെ വിഹിതം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ലോകമെമ്പാടും അറിവുകളുടെ വിസ്ഫോടനമാണ് നടക്കുന്നതെന്നും ബയോടെക്നോളജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിതബുദ്ധി), ജനിതകശാസ്ത്രം തുടങ്ങിയ ഭാവി സാങ്കേതികവിദ്യകൾ ആരോഗ്യ-മൃഗസംരക്ഷണ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മാറ്റങ്ങളെ നേരിടാൻ പുതിയ പ്രവർത്തന രീതികൾ നാം രൂപീകരിക്കേണ്ടതുണ്ട്.
ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) മുന്നോട്ടുവെച്ച 'വൺ ഹെൽത്ത്' (ഏകാരോഗ്യം) ആശയം സംസ്ഥാന സർക്കാർ ഇതിനകം പ്രഖ്യാപിച്ച ആരോഗ്യ നയത്തിന്റെ പ്രധാന ഭാഗമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യന്റെയും മൃഗങ്ങളുടെയും പ്രകൃതിയുടെയും ആരോഗ്യം പരസ്പരം വേർതിരിക്കാനാവാത്തതാണ്.
2018-ൽ നാം നേരിട്ട മഹാമാരിയിൽ നിന്നും 'വൺ ഹെൽത്ത്' എന്ന പാഠം ഉൾക്കൊണ്ടില്ലെങ്കിൽ ഭാവിയിലും സമാനമായ വെല്ലുവിളികൾ നേരിടേണ്ടിവരും. പ്രവാസികൾ ലോകമെമ്പാടും യാത്ര ചെയ്യുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ഏത് ഭാഗത്തുമുണ്ടാകുന്ന പകർച്ചവ്യാധികളും നിപ പോലുള്ള ജന്തുജന്യ രോഗങ്ങളും കേരളത്തിലും എത്താൻ സാധ്യതയുണ്ട്. മൃഗങ്ങൾക്കിടയിലെ രോഗവ്യാപനം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന ആരോഗ്യ നയത്തെ 'വൺ ഹെൽത്ത്' ലബോറട്ടറി നയവുമായി ബന്ധിപ്പിച്ച് പ്രത്യേക പബ്ലിക് ഹെൽത്ത് വിംഗ് (പൊതുജനാരോഗ്യ വിഭാഗം) ഉടൻ ആരംഭിക്കുന്നതിനുള്ള നിർദ്ദേശം സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും ഇതിന് സാമ്പത്തിക സഹായമടക്കം എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.
കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി (കെ.വി.എ.എസ്.യു), മൃഗസംരക്ഷണ വകുപ്പ് (എ.എച്ച്.ഡി), കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.എസ്.വി.സി) എന്നിവയുടെ സഹകരണത്തോടെയാണ് മൂന്നുദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനവുമായി സഹകരിച്ച ഗൾഫ് രാജ്യങ്ങളിലെ സർവ്വകലാശാലകളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള പ്രസിഡന്റ് ഡോ. വി.കെ.പി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. വി.എസ്.സി 2026 ഓർഗനൈസിംഗ് സെക്രട്ടറിയും ഐ.വി.എ മണ്ണുത്തി പ്രസിഡന്റുമായ ഡോ. എസ്. മായ പരിപാടിയുടെ ആശയവിശദീകരണം നടത്തി.
ചടങ്ങിൽ പ്രൊഫ. വെങ്കിട്ടരമണ മണ്ഡ കേരള സ്റ്റേറ്റ് വെറ്ററിനറി കൌൺസിൽ രജിസ്ട്രാർ ഡോ. ജിജമോന് നൽകി കൊണ്ട് ചടങ്ങിൽ പ്രബന്ധ സമാഹാരം പ്രകാശനം ചെയ്തു. ചടങ്ങിൽ ഡീൻ, തുംബെ വെറ്ററിനറി കോളേജ്, യു.എ.ഇ പ്രൊഫ. മുഹമ്മദ് എസ്. ഖലീഫ, അക്കാദമിക്സ് ആൻഡ് റിസർച്ച് ഡയറക്ടർ ഡോ. സി. ലത, ഡയറക്ടർ ഓഫ് ഒൻട്രപ്രണർഷിപ്പ് ഡോ. ടി. എസ് രാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനും മണ്ണുത്തി സി.വി.എ.എസ് ഡീനുമായ ഡോ. അല്ലി കെ. സ്വാഗതവും ഐ.വി.എ കേരള ജനറൽ സെക്രട്ടറി ഡോ. എ. ഇർഷാദ് നന്ദിയും പറഞ്ഞു.
കന്നുകാലി വികസനത്തിലെ ശാസ്ത്രീയ നവീകരണങ്ങളിലൂടെയും സുസ്ഥിര മൃഗാരോഗ്യത്തിലൂടെയും കർഷകക്ഷേമം ഉറപ്പാക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം. സമ്മേളനത്തിന്റെ ഭാഗമായി ശാസ്ത്രീയ പ്രഭാഷണങ്ങൾ, സാങ്കേതിക സെഷനുകൾ, പ്രബന്ധാവതരണങ്ങൾ, പ്രാക്ടീഷണർമാർക്കുള്ള പ്രത്യേക സെഷനുകൾ, സംരംഭക-കർഷക സംഗമം, അവാർഡ് വിതരണം എന്നിവയും നടക്കും.
- Log in to post comments