മൊകേരിയില്‍ തെര്‍മല്‍ പേപ്പര്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്വയംതൊഴില്‍ വനിതാ ഗ്രൂപ്പ് സംരംഭം പദ്ധതിയുടെ ഭാഗമായി ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് ആരംഭിച്ച തെര്‍മല്‍ പേപ്പര്‍ നിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. മൊകേരിയില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ പ്രസീത ഉദ്ഘാടനം ചെയ്തു.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ ചമ്പാട് ശാഖയില്‍നിന്ന് ലഭിച്ച 10 ലക്ഷം രൂപ വായ്പ ഉപയോഗിച്ചാണ് യൂണിറ്റ് ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ഗ്രൂപ്പിന് 3.75 ലക്ഷം രൂപയുടെ (75 ശതമാനം) സബ്‌സിഡിയും ലഭിക്കും. സംരംഭത്തിലൂടെ രണ്ട് പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുധീഷ് അധ്യക്ഷത വഹിച്ചു.വ്യവസായ വികസന ഓഫീസര്‍ മനോജ് കാഞ്ഞിരത്തിന്‍ കീഴില്‍ പദ്ധതി വിശദീകരിച്ചു വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ ഉഷ ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം പി കെ മോഹനന്‍, കേരള ബാങ്ക് ചമ്പാട് മേനേജര്‍ തുഷാര ഫോര്‍ച്യൂണ്‍ ഗ്രൂപ്പ് പ്രസിഡണ്ട് എസ് ഹരികീര്‍ത്തന എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു
വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക്ക് കമ്മിറ്റി യോഗം നഗര ഭരണ സ്ഥാപനങ്ങള്‍ പതിനാറാം ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് ഉള്‍പ്പെടുത്തി സമര്‍പ്പിച്ച വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ബിനോയ് കുര്യന്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ പി വിഷ്ണു രാജ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ് എന്നിവര്‍ സംബന്ധിച്ചു.
തലശ്ശേരി നഗരസഭ (24.79 കോടി), പയ്യന്നൂര്‍ നഗരസഭ (20.83 കോടി ), പാനൂര്‍ നഗരസഭ (15.75 കോടി), കൂത്തുപറമ്പ് നഗരസഭ( 8.24.കോടി), തളിപ്പറമ്പ് നഗരസഭ(10. 20 കോടി), ശ്രീകണ്ഠപുരം നഗരസഭ(12.59. കോടി), ആന്തൂര്‍ നഗരസഭ(10.82. കോടി), ഇരിട്ടി നഗരസഭ (12.59. കോടി) തുടങ്ങിയ തദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്കാണ്് അംഗീകാരം നല്‍കിയത്.
ഇതിനുപുറമെ, മട്ടന്നൂര്‍ നഗരസഭ, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത്, മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് 2026-27 വര്‍ഷിക പദ്ധതി ഭേദഗതിക്കും യോഗം അംഗീകാരം നല്‍കി.
2025-26 സാമ്പത്തിക വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത്, ശ്രീകണ്ഠപുരം, കൂത്തുപറമ്പ്, പാനൂര്‍, ഇരിട്ടി നഗരസഭകള്‍ എന്നിവയുടെ ഹെല്‍ത്ത് ഗ്രാന്റ് പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്.
കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി കൂത്തുപറമ്പ്, പയ്യന്നൂര്‍, ശ്രീകണ്ഠപുരം, ആന്തൂര്‍, മട്ടന്നൂര്‍ നഗരസഭകള്‍ ആവിഷ്‌ക്കരിച്ച മാലിന്യസംസ്‌കരണ പദ്ധതികള്‍ക്കും അംഗീകാരം നല്‍കി. വെര്‍മി കമ്പോസ്റ്റിങ് യൂണിറ്റുകളുടെ നവീകരണം, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയാണ് പദ്ധതികള്‍. കൂത്തുപറമ്പ് നഗരസഭയിലെ എംസിഎഫ്, ആര്‍ആര്‍എഫ് കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 12 ലക്ഷം രൂപയുടെ ഡി പി ആറിന് യോഗം അംഗീകാരം നല്‍കി.
സ്‌കൂളുകളിലെ മെന്‍സ്ട്രുല്‍ ഹൈജീന്‍ മാനേജ്മെന്റുമായി (എം.എച്ച്.എം) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ആസൂത്രണ സമിതി നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍- ആരോഗ്യം, പൊതുവിദ്യാഭ്യാസ വകുപ്പ്, തദ്ദേശഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തേണ്ടത്. റിപ്പോര്‍ട്ട് അടുത്ത ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സമര്‍പ്പിക്കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക് നിര്‍ദേശം നല്‍കി. യോഗത്തില്‍ വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു.
- Log in to post comments