*പദ്ധതി പുരോഗതി വിലയിരുത്തി ഉന്നതതല യോഗം *
സ്ക്രൈബ് മുഖേന എസ്.എസ്.എല്‍.സി പാസായ കുട്ടികള്‍ പ്ലസ് വണിന് അപേക്ഷിക്കുമ്പോള്‍ അഡ്മിഷന് ലഭിക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷനായ എം.എല്‍.എ ഐ.സി ബാലകൃഷ്ണന് പറഞ്ഞു. വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും പ്രവേശനം ലഭിക്കാത്തവര്‍ക്ക് താത്പര്യമുള്ള സ്കൂളില്‍ താത്പര്യമുള്ള കോഴ്സിന് സീറ്റ് വര്‍ദ്ധിപ്പിച്ചു നല്കാന് നടപടികള്‍ സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. വനാവകാശ നിയമ പ്രകാരവും വിവിധ സ്കീമുകള്‍ മുഖേനയും ഭൂമി ലഭിക്കാത്ത നിരവധി കുടുംബങ്ങള്‍ ജില്ലയിലുണ്ട്. ഇവര്‍ക്കായി ഭൂമി കണ്ടെത്തി നല്കാന് നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഭൂമി സംബന്ധമായ സര്‍വ്വെ നടത്തി അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം. ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ബിനാമികളുടെ ഇടപെടല്‍ ഉണ്ടാകുന്നുണ്ട്. ഇത് ഒഴിവാക്കാന്‍ ഭവന നിര്‍മ്മാണം പട്ടിക വര്‍ഗ സൊസൈറ്റികളെ ഏല്‍പ്പിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. കോര്‍പസ് ഫണ്ട് വിനിയോഗത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്നും വൈദ്യുതി-കുടിവെള്ള ചാര്‍ജ്, ചികിത്സാ ചെലവ് ഉള്‍പ്പെടെയുള്ള കുടിശ്ശികള്‍ പരിഹരിക്കണമെന്നും എം.എല്‍.എ പറഞ്ഞു. വനാവകാശ നിയമ പ്രകാരം പട്ടയം ലഭ്യമാകാത്ത വിഷയങ്ങള്‍ പരിശോധിക്കണമെന്ന് യോഗത്തില്‍ എം.എല്‍.എ ഉഷാ വിജയന് പറഞ്ഞു. വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞുപോക്ക് തടയാന്‍ നൂതന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഗോത്ര മേഖലയിലേക്ക് കൂടുതല്‍ ആംബുലന്‍സ് സൗകര്യം ഒരുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രികാ കൃഷ്ണന് യോഗത്തില്‍ അറിയിച്ചു.
പ്രീമെട്രിക് ഹോസ്റ്റലുകള്‍, മോഡല്‍ പ്രീ സ്കൂള്‍, സാമൂഹ്യ പഠനം മുറികള്‍, സ്മാര്‍ട്ട് പഠന മുറികളിലെ അടിസ്ഥാന സൗകര്യ വികസനം, പണിയ പാക്കേജ്, വിദ്യാവാഹിനി, പ്രീമെട്രിക് -പോസ്റ്റ് മെട്രിക് വിദ്യാഭ്യാസം, അയ്യങ്കാളി സ്കോളര്‍ഷിപ്പ്, പഠന വിനോദയാത്ര, ആരോഗ്യ പദ്ധതികള്‍, സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി, പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം, ജനനി ജന്മരക്ഷാ പദ്ധതി, കൈത്താങ്ങ്, സേഫ് പദ്ധതി, കോര്‍പസ് ഫണ്ട്, ഭക്ഷ്യസഹായ പദ്ധതി, ഭവന ഭൂരഹിതരുടെ വിവരങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ പദ്ധതി പുരോഗതി യോഗത്തില്‍ അവലോകനം ചെയ്തു.
പണിയ വിഭാഗക്കാര്‍ക്കായി പ്രത്യേക പാക്കേജ് പദ്ധതി പ്രകാരം എടപ്പെട്ടി, റാട്ടക്കൊല്ലി വിനായക, സൂര്യമ്പം ഊരുകളുടെ സമഗ്ര വികസനത്തിന് വിവിധ പദ്ധതികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തിരമായി സമര്‍പ്പിക്കാന്‍ പട്ടിക വര്‍ഗ വികസന ഓഫീസര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി. പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് അധിക പഠനസൗകര്യം ഏര്‍പ്പെടുത്തുന്നതിന് വീടിനോട് ചേര്‍ന്ന് അധികമുറി പണിയുന്ന സ്മാര്‍ട്ട് പഠന മുറിയുടെ പ്രവര്‍ത്തനങ്ങള്‍ പ്രൊമോട്ടര്‍മാര്‍ നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് തല സന്ദര്‍ശനം നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഊരുകളിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. സുഗന്ധഗിരി, പൂക്കോട്, പരൂര്‍ക്കുന്ന് പുനരധിവാസ മേഖലകളില്‍ അനുവദിച്ച പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനും മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. സുഗന്ധഗിരി പ്രത്യേക പാക്കേജായി പ്രഖ്യാപിച്ച് പട്ടയം നല്‍കണമെന്ന ആവശ്യം പരിഗണിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനും അടിസ്ഥാന സൗകര്യത്തിനും കൃത്യമായ പരിഗണന നല്‍കണം. ഗോത്രവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ക്ലാസുകളില്‍ തന്നെ സയന്‍സ് വിഷയങ്ങളോടുള്ള താത്പര്യമുണ്ടാക്കിയെടുക്കാന് അധ്യാപകര്‍ ശ്രദ്ധപുലര്‍ത്തണം. ഇതിനായി അധ്യാപകരുടെ കൃത്യമായ ഇടപെടല്‍ ഉണ്ടാകണം. ജനനി ജന്മ രക്ഷ മാതൃശിശു സംരക്ഷണ പദ്ധതിക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും പദ്ധതിയില്‍ ഉള്‍പ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് കൃത്യമായി നിര്‍ദേശം നല്‍കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പണിയ പാക്കേജില്‍ പുതിയ പദ്ധതികള്‍ ഉള്‍പ്പെടുത്തണം. ഇതിനായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ജില്ലാതലത്തില്‍ അപേക്ഷ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതികളുടെയും പിന്നാക്ക ക്ഷേമ വകുപ്പിന്റെ വിദ്യാഭ്യാസ ആനുകുല്യ പദ്ധതിളുടെയും നടത്തിപ്പ് മന്ത്രി പരിശോധിച്ചു.
പ്രളയം പോലുള്ള ദുരന്ത സമയങ്ങളില്‍ വെള്ളക്കെട്ട് ബാധിച്ച മേഖലകളില്‍ താമസിക്കുന്ന എസ്.ടി വിഭാഗകാരായ കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഘട്ടംഘട്ടമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. അവരുടെ പഴയ വാസസ്ഥലങ്ങള്‍ കൃഷിയോഗ്യമായ ഭൂമിയാക്കി മാറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ആലോചിക്കണം. പട്ടികവര്‍ഗ വിഭാഗക്കാരുടെ ജീവിത രീതിക്ക് ഇണങ്ങുന്ന വീടുകളുടെ ഡിസൈന്‍ തയ്യാറാക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന് എ.പി.ജെ ഹാളില്‍ നടന്ന ജില്ലാതല യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, ഉഷ വിജയന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്, കൽപ്പറ്റ നഗരസഭാ ചെയർമാൻ പി. വിശ്വനാഥൻ, പട്ടികജാതി വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വി സജീവ്, എ.ഡി.എം കെ അജീഷ്, സബ് കളക്ടര്‍ അതുല്‍ സാഗര്‍, ജില്ലാ പട്ടികവര്‍ഗ വികസന വകുപ്പ് പ്രോജക്ട് ഓഫീസര്‍ ഷുമിന്‍ എസ് ബാബു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എം മുകേഷ്, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍മാരായ ടി.പി ശ്രീകല, കെ ബിന്ദു, പിന്നോക്ക ക്ഷേമ വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ബി പ്രബിന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments