ഹരിതയാനം ജില്ലയില്‍ പര്യടനം തുടങ്ങി
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനായി ആരംഭിച്ച ഹരിതയാനം വീഡിയോ സന്ദേശ പ്രചരണ വാഹന ജാഥ ജില്ലയില്‍ പര്യടനം തുടങ്ങി. കൊണ്ടോട്ടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ജില്ലയിലെ ആദ്യ പര്യടനം ടി.വി ഇബ്രാഹീം എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്തു. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട് അധ്യക്ഷയായി. ഹരിതപെരുമാറ്റച്ചട്ടം, ശുചിത്വ - മാലിന്യ സംസ്‌കരണത്തിനായി തദ്ദേശഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ച ഹരിതകര്‍മ്മസേന, സുരക്ഷിത ഭക്ഷ്യോല്പാദനം, അധിക നെല്‍കൃഷി വ്യാപനം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, പുഴ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വീഡിയോകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇരുവശത്തും ഡിജിറ്റല്‍ സ്‌ക്രീന്‍ ഘടിപ്പിച്ച വാഹനത്തിലാണ് പ്രദര്‍ശനം. ജില്ലയില്‍ നാലു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളില്‍ സന്ദേശ ജാഥ പര്യടനം നടത്തും.
ഹരിതകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.രാജു പരിപാടിയെക്കുറിച്ച് വിശദീകരിച്ചു. കൊണ്ടോട്ടി നഗരസഭ സ്ഥിരസമിതി അധ്യക്ഷന്‍ എം.മുഹമ്മദ് ഷാ മാസ്റ്റര്‍, റിസോഴ്‌സ് പേഴ്‌സണ്‍ അലി മാസ്റ്റര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിന്‍സ്, നഗരസഭ കൗണ്‍സില്‍ അംഗങ്ങളായ സി.മിനിമോള്‍, പി.പി നൗഷിദ, അസ്മാബി, നഫീസ, ആമിന തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.
- Log in to post comments