തപാല്‍ കവര്‍ ജടായു ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കും: മന്ത്രി പി സി വിഷ്ണുനാഥ്
കേരളത്തിന്റെ പൈതൃകവും വിനോദസഞ്ചാരപ്പെരുമയും ദേശീയതലത്തില്‍ അടയാളപ്പെടുത്തുന്ന ജടായു ശില്പത്തിന് ഇന്ത്യാ പോസ്റ്റ് പ്രത്യേക തപാല്‍ കവര്‍ പുറത്തിറക്കിയത് ശില്പത്തിന്റെ ചരിത്രപ്രാധാന്യം ലോകത്തിന് മുന്നിലെത്തിക്കുമെന്നും ആഗോള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഏറെ പ്രയോജനം ചെയ്യുമെന്നും ടൂറിസം, സാംസ്കാരികം, സിനിമാ വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.
ചടയമംഗലം ജടായു എര്‍ത്ത് സെന്റര്‍ ഓപ്പണ്‍ ഹാളില്‍ നടന്ന തപാല്‍ കവര്‍ പ്രകാശന ചടങ്ങില്‍ തപാല്‍ കവര്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാബ് സിങ് മന്ത്രി പി സി വിഷ്ണുനാഥന് കവര്‍ നല്കി പ്രകാശനം നിര്‍വഹിച്ചു. ലോകവ്യാപകമായി ഏറെ ശ്രദ്ധ നേടിയ വിനോദ കേന്ദ്രമാണ് ജടായു പാറ. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം എന്ന നിലയില്‍ മാത്രമല്ല, നിര്‍മ്മാണ രീതി കൊണ്ടും, ശില്പഭംഗി കൊണ്ടും ധാരാളം പ്രത്യേകതകള്‍ നിറഞ്ഞതാണെന്നും മന്ത്രി പറഞ്ഞു. പുതിയ ചലച്ചിത്രാവിഷ്കാരത്തിലൂടെ രാമായണത്തിലെ ജടായുവിന്റെ വീരത്യാഗം വീണ്ടും ദേശീയശ്രദ്ധ നേടുന്ന പശ്ചാത്തലത്തില്‍ ജടായുപ്പാറയുടെ ടൂറിസം സാധ്യത വര്‍ധിച്ചിരിക്കുകയാണ്. സിനിമയുടെ റിലീസിന് പിന്നാലെ ജടായു എര്‍ത്ത് സെന്ററിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. ജടായുവിന്റെ പേരില്‍ തപാല്‍ കവര്‍ ഏര്‍പ്പെടുത്തിയതിന് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റിനെ നന്ദി അറിയിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ജടായു ശില്പത്തിന്റെ മുന്നില്‍ വെച്ച് കവര്‍ പ്രകാശനം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ജടായു ശില്പം പ്രകൃതിസൗന്ദര്യത്തിന്റെ ഭാഗമാണെന്നും ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അമിതാബ് സിംഗ് പറഞ്ഞു. ചടയമംഗലത്തെ പാറക്കെട്ടിന് മുകളില്‍ ശില്പി രാജീവ് അഞ്ചലും സംഘവും ഒരുക്കിയ കൂറ്റന്‍ ജടായു ശില്പം കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിലെ സവിശേഷ അടയാളമാണ്. ഇതിഹാസവും കലയും പ്രകൃതിയും സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന ജടായു എര്‍ത്ത് സെന്റര്‍ അനുഭവവിനോദസഞ്ചാരത്തിന്റെ ശ്രദ്ധേയ മാതൃക കൂടിയാണ്. ജടായുവിന്റെ ധീരതയുടെയും ത്യാഗത്തിന്റെയും ഓര്‍മയെ തപാല്‍ ശേഖരണത്തിന്റെ ഭാഗമാക്കുന്ന പ്രത്യേക കവര്‍ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ദേശീയതലത്തില്‍ കൂടുതല്‍ ദൃശ്യത നല്‍കും.
ചടങ്ങില്‍ ജടായു എര്‍ത്ത് സെന്റര്‍ ചെയര്മാന് രാജീവ് അഞ്ചല്‍ അധ്യക്ഷനായി. ചടയമംഗലം എംഎല്‍എ എം എം നസീര്‍, കൊല്ലം പോസ്റ്റല്‍ ഡിവിഷന് സീനിയര്‍ സൂപ്രണ്ട് എം ബിന്ദു, കൊല്ലം ഡിവിഷന് എ എസ് പി എംകെ മഞ്ജു എന്നിവര്‍ പങ്കെടുത്തു.
- Log in to post comments