ബാലാവകാശ വാരാഘോഷം: ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ് സന്ദർശിച്ച് ജില്ലാ കളക്ടർ
മികച്ച വിദ്യാഭ്യാസത്തിലൂടെയും ആത്മാർത്ഥമായ പരിശ്രമത്തിലൂടെയും ജീവിതത്തിൽ ഉന്നത നിലയിലെത്താൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ ഷാജി വി. നായർ പറഞ്ഞു. ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി കഞ്ഞിക്കുഴി ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജിൽ സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം.
സന്ദർശനത്തോടനുബന്ധിച്ച് കുട്ടികളുമായി കളക്ടർ പ്രത്യേക സംവാദവും നടത്തി. "എങ്ങനെയാണ് ഒരു മികച്ച ജില്ലാ കളക്ടറാകാൻ സാധിക്കുക, കളക്ടറുടെ റോൾ മോഡൽ?"എന്നതുൾപ്പെടെയുള്ള കുട്ടികളുടെ കൗതുകകരമായ നിരവധി ചോദ്യങ്ങൾക്ക് അദ്ദേഹം ലളിതവും രസകരവുമായി മറുപടി നൽകി.
ചടങ്ങിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർപേഴ്സൺ ബി. ഗീത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ (ഡി.സി.പി.ഒ) ജിജി ജോൺ, സി.ഡബ്ല്യു.സി അംഗങ്ങളായ മഹിദേവി, ഷക്കീല വഹാബ്, ഹോപ്പ് കമ്മ്യൂണിറ്റി അസിസ്റ്റന്റ് ഡയറക്ടർ മഹിളാ പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments