ചെട്ടിപ്പടി റെയില്‍വേ മേല്‍പ്പാലം ഭൂമി ഏറ്റെടുക്കല്‍: സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ചേളാരി ചെട്ടിപ്പടി റെയില്‍വെ മേല്‍പ്പാല നിര്‍മ്മാണത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. സമിതി ചെയര്‍മാന്‍ നിലമ്പൂര്‍ അമല്‍ കോളെജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്റെ നേതൃത്വത്തില്‍ അംഗങ്ങളായ മുന്‍ എ.ഡി.എം. എം.ബാലകൃഷ്ണക്കുറുപ്പ്, മുന്‍ ആര്‍.ഡി.ഒ കെ.നാരായണന്‍ കുട്ടി, പൊന്നാനി എം.ഇ.എസ് കോളെജിലെ വി.യു ഷാമില എന്നിവര്‍ കലക്ടറുടെ ചേമ്പറിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
നിര്‍ദ്ദിഷ്ട റെയില്‍വേ മേല്‍പ്പാലം പ്രദേശത്തിന്റെ വികസനത്തിന് സഹായകരവും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബദല്‍ നിര്‍ദേശങ്ങള്‍ അപ്രായോഗികമായതിനാല്‍ പദ്ധതിക്കായി ഏറ്റെടുക്കുന്ന 0.4637 ഹെക്ടര്‍ ഭൂമിയുടെ ഉടമസ്ഥര്‍ക്ക് പുനരധിവാസവും ന്യായമായ നഷ്ടപരിഹാരവും നല്‍കി പദ്ധതി സമയബന്ധിതമായി നടപ്പിലാക്കണം. പദ്ധതിമൂലം നഷ്ടമാകുന്ന അംഗന്‍വാടി പദ്ധതി പ്രദേശത്ത് അധികം അകലെയല്ലാതെ സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനമോ നിര്‍മ്മിച്ച് നല്‍കണം. പദ്ധതി മൂലം രൂപപ്പെടുന്ന തുണ്ട് ഭൂമികള്‍ മതിയായ നഷ്ടപരിഹാരം നല്‍കി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- Log in to post comments