വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ : തൊഴിലാളികളുടെ നിസ്സഹകരണം അവസാനിച്ചു
തിങ്കളാഴ്ച ജോലിയിൽ പ്രവേശിക്കും
കഴിഞ്ഞ 13 ദിവസമായി വല്ലാർപാടം ഡിപി വേൾഡിൽ ഡ്രൈവർ തൊഴിലാളികൾ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ഉയർത്തി നടത്തിവന്ന നിസ്സഹകരണം അവസാനിച്ചു. ഹൈബി ഈഡൻ എംപി, എം എൽ എ മാരായ മുഹമ്മദ് ഷിയാസ്, ടോണി ചമ്മണി, ടി ജെ വിനോദ് എം എൽ എ, ജില്ലാ കളക്ടർ ജി പ്രിയങ്ക , സിറ്റി പോലീസ് കമ്മീഷണർ, കസ്റ്റംസ് കമ്മീഷണർ, ഡിപി വേൾഡ് ഉദ്യോഗസ്ഥർ, തൊഴിലാളി യൂണിയൻ നേതാക്കൾ, എന്നിവരുൾപ്പെടെയുള്ളവർ പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികളുടെ പരാതികൾ കേൾക്കാനും ആശങ്കകൾ പരിഹരിക്കാൻ ക്രമീകരണങ്ങൾ ഒരുക്കാനും ധാരണയായതോടെ തിങ്കളാഴ്ച എല്ലാവരും ജോലിയിൽ തിരികെ പ്രവേശിക്കും.
കേന്ദ്ര സർക്കാരിന്റെ തീരുമാനപ്രകാരം കസ്റ്റംസ് ഡിപി വേൾഡിലെ മുഴുവൻ കണ്ടെയ്നറുകളും സ്കാൻ ചെയ്യാൻ തീരുമാനിച്ചതോടെയാണ് തൊഴിലാളികൾ ആശങ്ക അറിയിച്ചത്. സ്കാനിംഗ് റേഡിയേഷൻ മൂലം കണ്ടെയ്നർ ലോറി ഡ്രൈവർമാർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടാകുന്നുവെന്നായിരുന്നു പ്രധാന പരാതി. മുൻപും ഈ പരാതി ഉയർന്നിരുന്നുവെങ്കിലും അന്ന് ഡിഎംഒയും അഡ്വക്കേറ്റ് കമ്മീഷനും നടത്തിയ അന്വേഷണങ്ങളിൽ ആശങ്കകളില്ലെന്ന് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ 20 ശതമാനം മുതൽ 80 ശതമാനം വരെയുണ്ടായിരുന്ന സ്കാനിംഗ് നിരക്ക് മാറി 100 ശതമാനം കണ്ടെയ്നറുകളും സ്കാൻ ചെയ്യേണ്ട സാഹചര്യം വന്നപ്പോൾ റേഡിയേഷൻ മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നിസ്സഹകരണം ആരംഭിച്ചത്.
ഇത്തരം പ്രശ്നങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കാനും പരിഹാരമാർഗ്ഗങ്ങൾ തേടാനും യോഗത്തിൽ തീരുമാനമായി.
തീരുമാനത്തിന്റെ ഭാഗമായി തിങ്കളാഴ്ച സ്കാനിംഗ് നടക്കുന്ന സ്ഥലത്ത് പൊതുജനങ്ങൾക്കും അവിടെ എത്തുന്നവർക്കും കാണാനാകുന്ന രീതിയിൽ സ്കാനിംഗ് ഡെമോൺസ്ട്രേഷൻ നടത്തും. കണ്ടെയ്നർ ലോറി ഡ്രൈവറുടെ ക്യാബിനിൽ നിന്ന് 50 സെന്റീമീറ്റർ മാറിയ ശേഷമേ കണ്ടെയ്നർ സ്കാൻ ചെയ്യുകയുള്ളൂ എന്നും സ്കാനിംഗ് സമയത്ത് റേഡിയോ ആക്ടീവ് പ്രവർത്തനങ്ങൾ ഡ്രൈവറുടെ ക്യാബിനിൽ ഇല്ലെന്നും ഉറപ്പുവരുത്താനാണ് ഈ നടപടി. കൂടാതെ, 2018-ൽ പോർട്ട് പ്രവർത്തനം ആരംഭിച്ചതുമുതൽ ഇതുവരെയുള്ള കാലയളവിലെ ഏകദേശം 3000 തൊഴിലാളികളുടെ ആരോഗ്യപ്രശ്നങ്ങൾ സംബന്ധിച്ച് മെഡിക്കൽ ടീം മൂന്ന് മാസത്തിനുള്ളിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും.
റേഡിയേഷൻ ഏൽക്കാതിരിക്കാൻ കൺവെയർ ബെൽറ്റ് ഉൾപ്പെടെയുള്ള ക്രമീകരണങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ, കസ്റ്റംസ്, പോർട്ട് എന്നിവരോട് കൃത്യമായ പഠനം നടത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെടും. മുൻ നിയമങ്ങളും പുതിയ മാറ്റങ്ങളും പരിഗണിച്ച് ആരാണ് നടപടി സ്വീകരിക്കേണ്ടതെന്നും ഏത് രീതിയിലാണ് നടപ്പാക്കേണ്ടതെന്നും വ്യക്തമാക്കി പോർട്ട് നേരിട്ട് നടപടികൾ ഉറപ്പാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെടും. കേന്ദ്ര പോർട്ടിന്റെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ ഹൈബി ഈഡൻ എംപി ഇക്കാര്യത്തിൽ വിശദമായ പഠനം ആവശ്യപ്പെട്ട് കേന്ദ്രമന്ത്രിക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകും.
ചർച്ചകളിൽ യൂണിയൻ നേതാക്കളും പങ്കെടുത്തവരും സംതൃപ്തി രേഖപ്പെടുത്തി. തൊഴിലാളികളെ വിവരങ്ങൾ അറിയിച്ച് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ആദ്യം പരിഹാരമാർഗ്ഗം ഉണ്ടാക്കണമെന്നതാണ് ആഗ്രഹമെന്നും യോഗത്തിൽ വ്യക്തമാക്കി.
- Log in to post comments