വയോമധുരം പദ്ധതി:ഗ്ലൂക്കോമീറ്റര്‍ വിതരണം ചെയ്തു
കാക്കനാട്:വയോജനങ്ങള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കാനുള്ള ഗ്ലൂക്കോമീറ്ററിന്റെ ആദ്യഘട്ട സൗജന്യ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശാ സനില്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ 80% വൃദ്ധരും പ്രമേഹ രോഗികളാണെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് സാമൂഹ്യ നീതിവകുപ്പുമായി ചേര്‍ന്ന് വയോമധുരം എന്ന പേരില്‍ ജില്ലയിലെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള 1000 വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീററര്‍ ലഭ്യമാക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 400 പേര്‍ക്കാണ് ഇവ വിതരണം ചെയ്തത്.
ജില്ലയിലെ എല്ലാ വീടുകളിലെയും വയോജനങ്ങള്‍ക്കുണ്ടാകുന്ന ഡിമെന്‍ഷ്യാ രോഗം മൂലമുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലും ഡിമെന്‍ഷ്യ അധവാ ഓര്‍മ്മക്കുറവ് സംബന്ധിച്ച അവബോധ പ്രചാരണം നടത്തും. ബ്ലോക്കുകള്‍ക്ക് കീഴില്‍ അതാത് സാമൂഹ്യ ആരോഗ്യകേന്ദ്രം, പ്രാഥമിക ആരോഗ്യകേന്ദ്രം എന്നിവയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങളും ഡിമെന്‍ഷ്യാ രോഗത്തെക്കുറിച്ച് അജ്ഞരാണെന്ന് പറഞ്ഞ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രോഗത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുകയും തുടര്‍ ചികിത്സ ആവശ്യമായവര്‍ക്ക് ചികിത്സ ലഭ്യമാക്കുകയുമാണ് ലക്ഷ്യമെന്നും വ്യക്തമാക്കി. ഡിമെന്‍ഷ്യാ രോഗലക്ഷണങ്ങളും രോഗം തിരിച്ചറിയാന്‍ സഹായിക്കുന്ന രീതികളും ജനങ്ങള്‍ക്ക് പരിചയപ്പെടുത്തും. ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്ന രോഗങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്ത അസുഖമുള്ളവരെ അസുഖ നിയന്ത്രണ മാര്‍ഗ്ഗങ്ങളും പരിചാരകര്‍ക്കും വീട്ടുകാര്‍ക്കുമുള്ള പ്രത്യേക പരിചരണ രീതികളില്‍ പരിശീലനം നല്‍കും.
കുട്ടികളിലെ പഠനവൈകല്യം തിരിച്ചറിയുന്നതിനായി നടപ്പാക്കുന്ന പദ്ധതി ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും നടപ്പിലാക്കും. കുട്ടികളിലെ പഠന വൈകല്യങ്ങള്‍ കണ്ടെത്തുവാന്‍ സ്വകാര്യമേഖലയിലെ പരിശോധനയ്ക്ക് 1500 രൂപയാകും. പലകുട്ടികളുടെയും മാതാപിതാക്കള്‍ക്ക് ഇത്രയും തുക ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ അദ്ധ്യാപകര്‍ക്കും എല്ലാ വിദ്യാലയങ്ങളിലെയും രണ്ട് അദ്ധ്യാപകര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ബ്ലോക്ക് റിസോഴ്‌സ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനം ഉടന്‍ പൂര്‍ത്തിയാകും.
ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കും പ്രായമായവര്‍ക്കും പരമാവധി സഹായങ്ങള്‍ ലഭ്യമാക്കുകയാണ് ജില്ലാ പഞ്ചായത്തിന്റെ ലക്ഷ്യമെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കുന്ന രീതി മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ പ്രതിനിധി ജിമ്മി ജോര്‍ജ്ജ് പരിചയപ്പെടുത്തി. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ സി. രഞ്ജുനാഥന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരള മോഹന്‍, ജില്ലാ വയോജന കൗണ്‍സില്‍ അംഗം പി. വി സുഭാഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.വി. ബാബു, ഗവ. ഓള്‍ഡേജ് ഹോം സൂപ്രണ്ട് വിജയന്‍ ആചാരി, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് രാമദാസ് ടി.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- Log in to post comments