വാമനപുരം നദി സംരക്ഷണം: ഉപ മേഖല ജലജാഗ്രതാ സമിതി പെരിങ്ങമ്മലയിൽ ചേർന്നു
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെട്ട വാമനപുരം നദി സംരക്ഷണത്തിന്റെ ഉപമേഖലാ ജല ജാഗ്രത സമിതി പെരിങ്ങമ്മലയിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചിത്ര കുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പദ്ധതി വിശദീകരണം ജോയിൻറ് ബി.ഡി.ഒ ചന്ദ്രമോഹൻ നിർവഹിച്ചു. 10 ദിവസത്തിനകം സൂക്ഷ്മമേഖലാ സമിതി രൂപീകരിക്കാൻ യോഗത്തിൽ തീരുമാനമായി.
വാമനപുരം നദി മാലിന്യ മുക്തമാക്കി ജലസ്രോതസ്സുകൾ ശുദ്ധമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശാസ്ത്രീയ നദീ പഠനം, ബോധവത്കരണം, ശുചീകരണ ഉപാധികൾ സ്ഥാപിക്കൽ, സി സി ടി വി ക്യാമറകൾ സ്ഥാപിക്കൽ എന്നിവ ഇതിനോടനുബന്ധിച്ച് നടക്കും. കൂടാതെ അനധികൃത മണലൂറ്റ് ഒഴിവാക്കി നദിയെ ജീവജല സമ്പത്താക്കിമാറ്റുന്നതിനും പ്രവർത്തനങ്ങൾ ആരംഭിച്ചു.
യോഗത്തിൽ വാമനപുരം ബി.ഡി.ഒ മോഹനകുമാർ, ബ്ലോക്ക് പഞ്ചായത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
(പി.ആർ.പി. 88/2019)
- Log in to post comments