Skip to main content

'അസെൻഡ് 2019' ഫെബ്രുവരി 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

വ്യവസായം നടത്തുന്നതിനുള്ള നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന പരിഷ്‌കാരങ്ങളെക്കുറിച്ച് ബോധവത്കരണത്തിനായി സംഘടിപ്പിക്കുന്ന 'അസെൻഡ് 2019' ഫെബ്രുവരി 11ന് കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ ലുലു കൺവെൻഷൻ സെൻററിൽ രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പരിപാടിയെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര വാണിജ്യമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും.

പരിപാടിയിൽ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, പ്രസന്റേഷനുകൾ എന്നിവയുണ്ടാകും. മറ്റു സംസ്ഥാനങ്ങളിലെ അനുകരണമായ മാതൃകകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. വ്യവസായം നടത്തിപ്പിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ സംസ്ഥാന സർക്കാർ നടത്തിയ പരിഷ്‌കാരങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കും. 

കേരളത്തെ ബിസിനസ് സൗഹൃദമാക്കുന്നതിന് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള അംഗീകാരം, ലൈസൻസ് എന്നിവ നൽകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് വിപ്ലവകരമായ ഒട്ടേറെ പരിഷ്‌കാരങ്ങൾ സർക്കാർ നടപ്പിലാക്കിയതായി മന്ത്രി അറിയിച്ചു. ഇതിനായി 2018ലെ കേരള ഇൻവെസ്റ്റ്‌മെൻറ് പ്രമോഷൻ ആൻറ് ഫെസിലിറ്റേഷൻ ആക്ട് മുഖേന ഏഴോളം നിയമങ്ങൾ ഭേദഗതി ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് വിവിധ വകുപ്പുകൾ അവരെ സംബന്ധിക്കുന്ന ചട്ടങ്ങളും പരിഷ്‌കരിച്ചു. വിവിധ വകുപ്പുകൾ തമ്മിലുള്ള സംയുക്ത പരിശോധനാ രീതി, സ്‌പോട്ട് രജിസ്‌ട്രേഷൻ, വിവിധ വകുപ്പുകളിൽ നിന്നുള്ള സമയബന്ധിതമായ അനുമതികൾ നൽകുന്നത്, സ്വയം സാക്ഷ്യപ്പെടുത്തൽ, ഡീംഡ് അപ്രൂവൽ, വൈദ്യൂതി കണക്ഷൻ, ട്രേഡ് ലൈസൻസ് എന്നിവ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുള്ള വ്യവസ്ഥകളാണ് പുതിയ നിയമത്തിന്റെ അനുകൂലഘടകങ്ങൾ. 

ഇതിനു പുറമേ, വ്യവസായ വാണിജ്യ വകുപ്പ് സംരംഭകർക്കായി ഓൺലൈൻ ഏകജാലക ക്ലിയറൻസ് സംവിധാനവും ആരംഭിച്ചിട്ടുണ്ട്. നിലവിൽ 14 വകുപ്പുകളുടെയും ഏജൻസികളുടേയും സേവനം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ ലഭ്യമാണ്. ഓൺലൈനായി അപേക്ഷ നൽകാനുള്ള സൗകര്യവുമുണ്ട്. 

സമസ്ഥാനത്തിന്റെ വ്യവസായ അന്തരീക്ഷത്തിൽ പ്രധാന നാഴികക്കല്ലായിരിക്കും ഇപ്പോൾ നടത്തിയ പരിഷ്‌കാരങ്ങളെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപകർക്ക് അനുകൂലമായ വ്യവസായ നയവും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. വ്യവസായഭൂമിയുടെ പാട്ടക്കരാറിനായും നയം ആവിഷ്‌കരിച്ചുവരുന്നതായി അദ്ദേഹം അറിയിച്ചു.

'അസെൻഡ് 2019' ന്റെ ലോഗോ പ്രകാശനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു. വാർത്താസമ്മേളനത്തിൽ വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ഡയറക്ടർ കെ.ബിജു എന്നിവരും സംബന്ധിച്ചു.

പി.എൻ.എക്സ്. 257/19

date