Skip to main content

സ്റ്റീൽ ആൻറ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റിഡിന്റെ കോർപറേറ്റ് വീഡിയോ പ്രകാശനം ചെയ്തു

 

കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റീൽ ആൻറ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിനെക്കുറിച്ചുള്ള കോർപ്പറേറ്റ് വീഡിയോയുടെ പ്രകാശനം വ്യവസായമന്ത്രി ഇ.പി. ജയരാജൻ നിർവഹിച്ചു. 

വിവിധ ഗ്രേഡുകളിലും അളവുകളിലുമുള്ള കാർബൺ സ്റ്റീൽ, അലോയ് സ്റ്റീൽ, ടൈറ്റാനിയം അലോയ്, അലൂമിനിയം അലോയ് തുടങ്ങി വിവിധതരം ലോഹങ്ങളിലുള്ള 1500ൽ പരം ഫോർജിങ്ങുകൾ എസ്.ഐ.എഫ്.എൽ നിർമിച്ചിട്ടുണ്ട്. ഐ.എസ്.ഒ, എയ്‌റോസ്‌പേസ് തുടങ്ങിയ അന്താരാഷ്ട്രനിലവാരമുള്ള അംഗീകാരങ്ങൾ നേടുകയും തന്ത്രപ്രധാന പ്രതിരോധ, ബഹിരാകാശ മേഖലകളിലേക്കുള്ള ലോഹ ഫോർജിങ്ങുകൾ നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നുണ്ട്. ചന്ദ്രയാൻ, മംഗൾയാൻ, ബ്രഹ്‌മോസ് തുടങ്ങിയ രാജ്യത്തിന്റെ അഭിമാന പദ്ധതികളിലേക്കുള്ള ഫോർജിങ്ങുകളും തദ്ദേശീയമായി വികസിപ്പിക്കുന്നുണ്ട്.  അടുത്ത സാമ്പത്തികവർഷത്തിൽ 100 കോടിയുടെ വിറ്റുവരവാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വിപണിയിലെ മൽസരം മുന്നിൽക്കണ്ടാണ് കമ്പനിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രചാരണവും അവബോധവും സൃഷ്ടിക്കാനായി പുതിയ വീഡിയോ നിർമിച്ചത്. കമ്പനിയുടെ ചരിത്രം, പ്രവർത്തനരീതി, വിസ്തൃതി, ശേഷി, ഉത്പന്നങ്ങൾ, സാങ്കേതിക കഴിവുകൾ മുതലായ വിശദീകരിച്ചാണ് വീഡിയോ. 

പ്രകാശനച്ചടങ്ങിൽ എസ്.ഐ.എഫ്.എൽ ചെയർമാൻ എം.ജി. രഞ്ജിത്ത് കുമാർ, സീനിയർ മാനേജർ (എ ആൻറ് എച്ച്.ആർ.ഡി) ഡോ. എ. സുരേന്ദ്രൻ, ഡെപ്യൂട്ടി ജനറൽ മാനേജർ (എഞ്ചിനീയറിംഗ് ആൻറ് മാർക്കറ്റിംഗ്) പി.കെ. മൻസൂർ തുടങ്ങിയവർ സംബന്ധിച്ചു.

പി.എൻ.എക്സ്. 258/19

date