Skip to main content
വിളവെടുത്ത പച്ചക്കറികളുമായി കുമ്പളപ്പളളി കരിമ്പില്‍  ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍.

മണ്ണില്‍ പൊന്ന് വിളയിച്ച്  കരിമ്പില്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

 മണ്ണില്‍ പൊന്ന് വിളയിച്ച സന്തോഷത്തിലാണ് കുമ്പളപ്പളളി കരിമ്പില്‍  ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. കിനാനൂര്‍ -കരിന്തളം ഗ്രാമ പഞ്ചായത്തില്‍  300 ഓളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ സ്‌കൂളില്‍ 70 സെന്റ് സ്ഥലത്തിലാണ്  വിദ്യാര്‍ത്ഥികള്‍ വിജയകരമായി ജൈവ പച്ചക്കറികൃഷി നടത്തിയത്. നവംബര്‍ 14 ന് തുടങ്ങിയ പച്ചക്കറി കൃഷിയില്‍ കൃത്യം 45 ദിവസം തികയുമ്പോള്‍ തന്നെ വിളവെടുക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 500 കിലോ പച്ചക്കറിയാണ് ഇതുവരെ ലഭിച്ചത്. ഇനിയും ഒരുമാസത്തോളം നീണ്ട് നില്‍ക്കുന്ന വിളവെടുപ്പില്‍ 400 കിലോ പച്ചക്കറി ലഭിക്കുമെന്നാണ് പ്രതീക്ഷ. സ്‌കൂളില്‍ രൂപീകരിച്ച ഹരിത ക്ലബിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികളാണ് കൃഷിയെ പരിപാലിക്കുന്നത്. 
   കൃഷി വകുപ്പിന്റെ പച്ചക്കറി കൃഷി വികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്‌കൂളില്‍ കൃഷി ഇറക്കിയത്. വിഷലിപ്ത പച്ചക്കറികളില്‍ നിന്നും മുക്തിനേടേണ്ട ആവശ്യകതയെ കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം ഉണ്ടാക്കുകയും പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയുമാണ് ഇതിലൂടെ  ലക്ഷ്യമിടുന്നത്.
         വെണ്ട, ചീര, പയര്‍, തക്കാളി, പച്ചമുളക്, വഴുതിന,പടവലം, മത്തന്‍, വെള്ളരി, തുടങ്ങി നിരവധി വിളകളാണ് ഇവര്‍ കൃഷിചെയ്തത്. ഇതിനായി കൃഷി വകുപ്പിന്  കീഴിലുള്ള പച്ചക്കറി നേഴ്‌സറിയില്‍ നിന്നുള്ള മുളപ്പിച്ച തൈകളാണ് ഉപയോഗിച്ചത്. ചാണകം, കടലപ്പിണ്ണാക്ക്, കമ്പോസ്റ്റ് വളം, പച്ചില കൊണ്ടുള്ള ഹരിത കഷായം തുടങ്ങിയ ജൈവവളത്തിന്റെ ഉപയോഗം വിളകളുടെ ഉത്പാദനം ഇരട്ടിയാക്കി. കീടങ്ങളെ തുരത്താനായി ഗോമൂത്രവും കാന്താരി മുളകും ചേര്‍ന്ന മിശ്രിതം, വേപ്പിന്‍ പിണ്ണാക്ക്, തുടങ്ങിയ ജൈവ കീടനാശിനികളും ഉപയോഗിച്ചു. കൂടാതെ കൃഷി ഭവന്റെ നേതൃത്വത്തില്‍ ജൈവ കീടനാശിനിയും ജൈവവളവും ഉണ്ടാക്കാനുള്ള പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു.ആഴ്ചയില്‍ ഒരിക്കല്‍ കൃഷി പുരോഗതി വിലയിരുത്താനും വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം കൊടുക്കാനും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്‌കൂളിലെത്തിയിരുന്നു.
           ജലസേചനത്തിന് തുള്ളിനനയെന്ന രീതിയാണ് ഇവര്‍ അവലംബിച്ചത്. ഓരോ വിളയുടെയും ചുവട്ടില്‍ മാത്രം വെള്ളം നല്‍കുന്ന രീതിയാണിത്. ഇതുമൂലം വളരെ കുറച്ച് ജലം മാത്രമേ  ഉപയോഗിക്കേണ്ടി വരുന്നുള്ളു. പ്രവൃത്തി സമയം ലാഭിക്കുകയും കളകളുടെ വളര്‍ച്ച കുറക്കാനും സാധിച്ചു. ഇങ്ങനെ ലഭിക്കുന്ന പച്ചക്കറികള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനായാണ് ഉപയോഗിക്കുന്നത്. മിച്ചം വരുന്ന പച്ചക്കറികള്‍ വിദ്യാര്‍ത്ഥികള്‍ക്ക്  സൗജന്യമായി  വിതരണം ചെയ്യുന്നു.

date