Skip to main content
..

വനിതാ സംരംഭകത്വ വികസനത്തിന്‌ കരുത്തേകാൻ ശാസ്താംകോട്ടയിൽ എം ഇ ആർ സി തുടങ്ങി

കുടുംബശ്രീ ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന കൂട്ടായ്മയാണെന്ന് ഉല്ലാസ് കോവൂർ എം. എൽ. എ പറഞ്ഞു. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്റർ ഓഫീസ് (എം ഇ ആർ സി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രാദേശിക സാമ്പത്തിക വികസനവും സംരംഭകത്വ പ്രവർത്തനങ്ങളും ത്വരിതപ്പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷനും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് ബ്ലോക്ക് മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്റർ ആരംഭിച്ചത്.
കുടുംബശ്രീ അംഗങ്ങളുടെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കുകയും നിലവിലുള്ള സംരംഭങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വിപണന സാധ്യതകൾ മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള പ്രാഥമിക മാർഗനിർദേശങ്ങൾ നൽകുക, വിപണന സാധ്യതകൾ കണ്ടെത്തുക, ഉത്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കുക, സാമ്പത്തിക സാക്ഷരത വളർത്തുക, സംരംഭകരുടെ ശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനങ്ങൾ ലഭ്യമാക്കുക, ഗുണഭോക് തിരഞ്ഞെടുപ്പ് മുതൽ സംരംഭ രൂപീകരണം വരെ സാധ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ സെന്ററിലൂടെ നടപ്പാക്കും. സംരംഭങ്ങളുടെ ഉത്പാദന- വിപണന സുസ്ഥിരത ഉറപ്പാക്കുന്നതിനും എം.ഇ.ആർ.സി സഹായകമാകും. സംരംഭകത്വ മേഖലയിലെ വിവിധ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ സാങ്കേതികവും സ്ഥാപനപരവുമായ പിന്തുണയും കേന്ദ്രത്തിൽ ലഭ്യമാക്കും.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ രഞ്ജിത്ത് അധ്യക്ഷയായി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ശിവശങ്കരപ്പിള്ള,  കുടുബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ  ആർ വിമൽ ചന്ദ്രൻ, ശാസ്താംകോട്ട ബ്ലോക്ക്‌ മൈക്രോ എന്റർപ്രൈസസ് റിസോഴ്സ് സെന്റർ ചെർപേഴ്സൺ സുപ്രിയ, വെസ്റ്റ് കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജെ അംബിക കുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ശിവപ്രസാദ്, ബ്ലോക്ക്‌ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മെഹറുന്നിസ ബീഗം, ബ്ലോക്ക്‌ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ് ഇന്ദു, ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ അസൂറ അർത്തിയിൽ, നിഖിൽ മനോഹർ, എം അരവിന്ദ്, ബി. എസ്. അമൃതപ്രിയ, രാഖി പ്രവീൺ, മേരി അലക്സ്, പഞ്ചായത്ത്‌ കുടുബശ്രീ സി. ഡി. എസ് ചെയർപേഴ്സന്മാർ,  ജനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, വിവിധ തദ്ദേശസ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

 

date