Skip to main content

പരിശോധനാഫലത്തിന്റെ കൃത്യത ഉറപ്പാക്കാൻ ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭ്യമാക്കണം; കേന്ദ്രമന്ത്രിമാർക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോൾ മിശ്രിതത്തിന്റെ അളവ് പരിശോധിക്കുന്നതിന് എണ്ണക്കമ്പനികളിൽ നിന്ന് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മന്ത്രി അനൂപ് ജേക്കബ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരിക്കും സഹമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചു.

എഥനോൾ മിശ്രിതം വാഹനങ്ങളുടെ എൻജിനുകളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് വിവിധ കോണുകളിൽനിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ പരിശോധന ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സംസ്ഥാനത്തെ വിവിധ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന്‌ പെട്രോൾ സാമ്പിളുകൾ ശേഖരിച്ചു. സിവിൽ സപ്ലൈസ് വകുപ്പ് നിശ്ചിത പ്രോട്ടോക്കോൾ പാലിച്ചാണു സാമ്പിളുകൾ ശേഖരിച്ചത്. പരിശോധനയ്ക്കായി ഇവ സംസ്ഥാന കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികൾക്ക് കൈമാറുകയും ചെയ്തു. എന്നാൽ ശേഖരിച്ച സാമ്പിളുകളിലെ എഥനോൾ അളവ് കൃത്യമായി നിർണയിക്കുന്നതിനും ക്രോസ് മാച്ചിങ് നടത്തുന്നതിനും 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിളുകൾ അനിവാര്യമാണെന്നാണു ലബോറട്ടറി അധികൃതർ അറിയിച്ചത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ തുടങ്ങിയ എണ്ണക്കമ്പനികൾക്കു മാത്രമേ ഇത്തരം സാമ്പിളുകൾ ലഭ്യമാക്കാൻ കഴിയൂ. തുടക്കത്തിൽ സാമ്പിളുകൾ നൽകാമെന്ന് കമ്പനികൾ സമ്മതിച്ചിരുന്നെങ്കിലും പിന്നീട് സിവിൽ സപ്ലൈസ് വകുപ്പ് ഉദ്യോഗസ്ഥർക്ക് അവ കൈമാറുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു. ശുദ്ധമായ പെട്രോൾ സാമ്പിളുകൾ ലഭ്യമാക്കാൻ മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ നിരന്തരം ശ്രമിച്ചിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

എണ്ണക്കമ്പനികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയോ തകർക്കുകയോ അല്ല പരിശോധനയുടെ ലക്ഷ്യം. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായ പരിധിയിലധികം എഥനോൾ കലർത്തുന്നുണ്ടോയെന്ന കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ ദൂരീകരിക്കുകയാണ് പരിശോധനയിലൂടെ ലക്ഷ്യമിടുന്നതെന്നും കത്തിൽ വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തിൽ പരിശോധന കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനാവശ്യമായ ശുദ്ധമായ പെട്രോൾ സാമ്പിളുകൾ എണ്ണക്കമ്പനികളിൽ നിന്ന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് കാലതാമസമില്ലാതെ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി നേരിട്ട് ഇടപെടണമെന്നാണ് മന്ത്രി അനൂപ് ജേക്കബിന്റെ ആവശ്യം.

എന്തുകൊണ്ടാണ് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ആവശ്യമായിരിക്കുന്നത്?

1.  പെട്രോളിലെ എഥനോളിന്റെ അളവ് കൃത്യമായി നിർണയിക്കുന്നതിനുള്ള കാലിബ്രേഷൻ സ്റ്റാൻഡേർഡ് തയാറാക്കുകയും അതിന്റെ കാലിബ്രേഷൻ ഗ്രാഫ് രൂപപ്പെടുത്തുകയും ചെയ്യുന്നതിനാണ് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ ആവശ്യമായിരിക്കുന്നത്.

2. പരിശോധനയ്ക്കായി ശേഖരിച്ച പെട്രോൾ സാമ്പിളുകളിലെ എഥനോളിന്റെ അളവ് കൃത്യമായി നിർണയിക്കുന്നതിന് 100 ശതമാനം ശുദ്ധമായ പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പരിശോധന അനിവാര്യമാണ്.

3. ഇത്തരമൊരു ശുദ്ധമായ സാമ്പിൾ ലഭ്യമല്ലെങ്കിൽ ആവശ്യമായ കാലിബ്രേഷൻ നടത്താനോ സാമ്പിളുകൾ തമ്മിൽ കൃത്യമായ താരതമ്യം നടത്താനോ സാധിക്കില്ല.

4. അതുകൊണ്ടുതന്നെ എഥനോൾ സാന്നിധ്യവും അളവും ശാസ്ത്രീയമായി പരിശോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഈ രീതി ഉപയോഗിക്കുമ്പോൾ ശുദ്ധമായ പെട്രോൾ സാമ്പിൾ അനിവാര്യമാണ്.

5. ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ഇത്തരം പരിശോധനകൾക്ക് നിർദിഷ്ടമായ രീതിയുണ്ട്. സിലിണ്ടറിക്കർ മെത്തേഡ് എന്നറിയപ്പെടുന്ന ഈ പരിശോധനാരീതിയിൽ 150 മില്ലിലിറ്റർ പെട്രോൾ ഉൾക്കൊള്ളാൻ ശേഷിയുള്ള ഗ്ലാസ് സിലിണ്ടറാണ് ഉപയോഗിക്കുന്നത്.

6. കേസ് കോടതിയിലെത്തുന്ന പക്ഷം ഏറ്റവും കൃത്യമായ ഈ രീതിയിൽ പരിശോധനാ ഫലം അനിവാര്യമാണെന്നാണു ലാബ് അധികൃതർ അറിയിച്ചിരിക്കുന്നത്.

7.  ഇത്തരത്തിൽ പരിശോധന നടക്കാത്തതിനാലാണു കർണാടകയിലെ പരിശോധനാ ഫലത്തിനെതിരേ എണ്ണക്കമ്പനികൾ രംഗത്തുവന്നത്.

പി.എൻ.എക്‌സ്. 4964/2026

date