നിയമസഭ മൂന്നാം സമ്മേളനം നവംബർ 30 ന് ആരംഭിക്കും
പതിനാറാം കേരളം നിയമസഭയുടെ മൂന്നാം സമ്മേളനം നവംബർ 30 മുതൽ ഡിസംബർ 10 വരെ ചേരുമെന്ന് നിയമസഭ മീഡിയാ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. ഒൻപത് ദിവസമാണ് സഭ ചേരുന്നത്. എട്ടു ദിവസം നിയമനിർമാണത്തിനും ഒരു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും വിനിയോഗിക്കും. ദ കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് (അമെൻഡ്മെന്റ്), 2026-ലെ കേരള സ്വകാര്യ സർവകലാശാലകൾ (സ്ഥാപനവും നിയന്ത്രണവും) കേരള നോളജ് വാലി (സൗകര്യം ഒരുക്കലും വികസനവും), 2026-ലെ കേരള സിദ്ധാർഥൻ റാംഗിംഗ് നിരോധനവും വിദ്യാർഥി ക്ഷേമവും, 2026- ലെ കേരള കായിക താരങ്ങളുടെ ക്ഷേമവും കായികവികസനവും ഭരണനിർവഹണവും ഉൾപ്പെടെ ഒൻപത് ബില്ലുകൾ പരിഗണിക്കും. നിയമനിർമാണത്തിനു വേണ്ടി മാത്രമാണ് രണ്ടാം സമ്മേളനം ചേർന്നത്. രണ്ടാം സമ്മേളനം പിരിഞ്ഞ് ഒരു മാസത്തിന് ശേഷം നിയമനിർമാണത്തിന് മാത്രം മൂന്നാം സമ്മേളനവും ചേരുന്നു എന്ന പ്രത്യേകതയുണ്ട്.
സമ്മേളന കാലത്ത് നിയമസഭയിലെത്തുന്ന സന്ദർശകരുടെ എണ്ണത്തിലെ വർധനവ് മൂലം സുരക്ഷാപ്രശ്നം ഒഴിവാക്കുന്നതിന് ചില ക്രമീകരണം ഏർപ്പെടുത്തുമെന്ന് സ്പീക്കർ അറിയിച്ചു. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംഎൽഎമാർ എന്നിവരെ കാണാനെത്തുന്ന സന്ദർശകർക്ക് വ്യത്യസ്ത നിറങ്ങളിലുള്ള പാസ് നൽകും. പാസുള്ളവർക്ക് അതത് സ്ഥലത്ത് മാത്രമാകും പ്രവേശനം. എല്ലാ സൗകര്യവും നിലനിർത്തി ചില നിയന്ത്രണമാണ് ഏർപ്പെടുത്തുന്നത്. അതോടൊപ്പം ശൂന്യവേളയിൽ സന്ദർശകരെ പ്രോൽസാഹിപ്പിക്കില്ല. മാധ്യമപ്രവർത്തകർക്കും ഉദ്യോഗസ്ഥർക്കും പ്രത്യേക നിയന്ത്രണമുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു.
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, നിയമസഭ സെക്രട്ടറി ഇൻ ചാർജ് ഷാജി സി ബേബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പി.എൻ.എക്സ്. 5001/2026
- Log in to post comments