Skip to main content

സേവനങ്ങളിലെ കാലതാമസം: വില്ലേജ് ഓഫീസുകളില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാകലക്ടര്‍

 

വില്ലേജ് ഓഫീസുകളുടെ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിന് പരിശോധനാവിഭാഗത്തെ ശക്തിപ്പെടുത്തുമെന്നും ആവശ്യമെങ്കില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുമെന്നും  ജില്ലാ കലക്ടര്‍ അമിത് മീണ. കലക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണ്‍ലൈന്‍ സേവനങ്ങള്‍ വന്നതോടെ സുതാര്യത വര്‍ധിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് കിട്ടേണ്ട സേവനങ്ങള്‍ കാലതാമസമില്ലാതെ ലഭിക്കുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ടെങ്കില്‍ ജില്ലാകലക്ടര്‍ ഉള്‍പ്പെടെയുള്ള മേലധികാരികളെ അറിയിക്കണം.
 
     തിരൂരിലെ ഷാലിമാര്‍ ഹോട്ടലിലെ മലിനീകരണ പ്രശ്നവുമായി ബന്ധപ്പെട്ട പരാതിയില്‍ നഗരസഭാ അധികൃതരോട് റിപ്പോര്‍ട്ട് തേടും. അബ്ദുള്‍ റഷീദ് വെളിയങ്കോടിന്റെ പരാതിയിലാണ് നടപടി. മുനിസിപ്പാലിറ്റി ആക്ട് 447-ാം വകുപ്പ് ലംഘിച്ച് സ്ഥാപനം പ്രവര്‍ത്തിക്കുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നാണ് നഗരസഭ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും  നടപടി വൈകുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ റിപ്പോര്‍ട്ട് തേടിയത്.

സ്വകാര്യ ബസ് സ്റ്റാന്‍ഡുകളില്‍ സിസിടിവി കാമറ വെക്കുന്ന കാര്യം പരിശോധിക്കാന്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറെ ചുമതലപ്പെടുത്തി. സ്വകാര്യ ബസ്സുകളില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പുറത്ത് വരിയില്‍ നിര്‍ത്തുന്നു എന്ന പരാതി പരിഹരിക്കാനാണ് നടപടി.
വടക്കാങ്ങര എഎംഎല്‍പി സ്‌കൂളില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച് പ്രധാനാധ്യാപകനെ ഉള്‍പ്പെടുത്തി ഹിയറിങ് നടത്തിയിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ച് വരികയാണെന്നും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരാതിക്കാരനായ  അര്‍ഷദ് അയൂബിനെ അറിയിച്ചു. പെരിന്തല്‍മണ്ണ ആര്‍ടിഒ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കാത്തത് സംബന്ധിച്ച് അധികൃതര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന അനില്‍ ചെന്ദ്രത്തില്‍ എന്നയാളുടെ പരാതിയില്‍ അന്വേഷണം നടത്തി വിവരങ്ങള്‍ ലഭ്യമാക്കാന്‍ കലക്ടര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറോട് നിര്‍ദേശിച്ചു. രേഖകള്‍ നനഞ്ഞുപോയി എന്ന വിശദീകരണം തൃപ്തികരമല്ല. ഏതെല്ലാം രേഖകള്‍ നനഞ്ഞുപോയിട്ടുണ്ടെന്ന് വ്യക്തമാക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. വിജിലന്‍സ് ഡിവൈഎസ്പി എ രാമചന്ദ്രന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ വിജിലന്‍സ് സമിതി അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.  

 

date