Skip to main content

നിയമസഭാസമ്മേളനം ഇന്ന് (ജനുവരി 25) മുതൽ; ഗവർണറുടെ  നയപ്രഖ്യാപനത്തോടെ ആരംഭം

 

*ബഡ്ജറ്റ് 31ന്

 

പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം ഇന്ന് (ജനുവരി 25) ഗവർണർ പി.സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും. 2019-20 വർഷത്തെ ബഡ്ജറ്റ് ജനുവരി 31 ന് അവതരിപ്പിക്കുമെന്നും നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ ഒൻപത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബഡ്ജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയചർച്ചയ്ക്കും ബഡ്ജറ്റിൻമേലുള്ള പൊതുചർച്ചയ്ക്കും മൂന്ന് ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്. നിശ്ചയിച്ചിട്ടുള്ള നടപടികൾ പൂർത്തിയാക്കി സമ്മേളനം ഫെബ്രുവരി ഏഴിന് സമാപിക്കും.

ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയുമായി ബന്ധപ്പെട്ട രണ്ടാമത് പരിപാടിയായ നാഷണൽ യൂത്ത് പാർലമെന്റ് ഫെബ്രുവരി 23,24,25 തീയതികളിൽ തിരുവനന്തപുരത്ത് ചേരുമെന്ന് സ്പീക്കർ പറഞ്ഞു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള രണ്ടായിരത്തിലധികം വിദ്യാർഥികൾ യൂത്ത് പാർലമെന്റിൽ പങ്കെടുക്കും.

നിയമസഭയും പൊതുവിദ്യാഭ്യാസവകുപ്പും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ഭരണഘടനാ സാക്ഷരതാ ജനകീയവിദ്യാഭ്യാസപരിപാടിയോടനുബന്ധിച്ച് ഭരണഘടനാ സാക്ഷരതാസംഗമം ജനുവരി 26ന് നടക്കും. പരിപാടിയുമായി ബന്ധപ്പെട്ട് നിയമസഭാഹാളും മ്യൂസിയവും പൊതുജനങ്ങൾക്ക് ജനുവരി 25,26, 27 തീയതികളിൽ സന്ദർശിക്കാമെന്നും സ്പീക്കർ അറിയിച്ചു. 

പി.എൻ.എക്സ്.  276/19

 

date