Skip to main content

വോട്ടർ അവബോധത്തിനായി 'കൂട്ടയോട്ടം' സംഘടിപ്പിച്ചു

 

*മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ഫ്്ളാഗ് ഓഫ് ചെയ്തു

 

2019ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്കിടയിൽ അവബോധം വർധിപ്പിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. രാവിലെ ഏഴിന് കവടിയാർ വിവേകാനന്ദ പാർക്കിനുമുന്നിൽ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ കൂട്ടയോട്ടം ഫ്്ളാഗ് ഓഫ് ചെയ്തു. 

സ്‌കൂൾ, കോളേജ് വിദ്യാർഥികളുടേയും, യുവാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു കൂട്ടയോട്ടം. സൈക്ലിംഗ് താരങ്ങൾ, റോളർ സ്‌കേറ്റിംഗ് താരങ്ങൾ എന്നിവർ കൂട്ടയോട്ടത്തിനൊപ്പം അകമ്പടിയായി ഉണ്ടായിരുന്നു. ത്രിവർണ പതാകയിലെ നിറങ്ങളെ സൂചിപ്പിക്കുന്ന വസ്ത്രങ്ങളണിഞ്ഞാണ് വിദ്യാർഥികൾ കൂട്ടയോട്ടത്തിൽ പങ്കാളികളായത്. േവാട്ടർ അവബോധ മുദ്രാവാക്യങ്ങൾ രേഖപ്പെടുത്തിയ പ്ലക്കാർഡുകളുമായാണ് വിദ്യാർഥികൾ അണിനിരന്നത്.

കൂട്ടയോട്ടം പാളയം രക്തസാക്ഷി മണ്ഡപത്തിൽ അവസാനിച്ചു. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് യോഗത്തിൽ കൂട്ടയോട്ടത്തിൽ പങ്കെടുത്തവർക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലക്ഷ്മിഭായ് നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, അഡീ. ചീഫ് ഇലക്ടറൽ ഓഫീസർ ബി. സുരേന്ദ്രൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ആശാതോമസ്, പ്രിൻസിപ്പൽ സെക്രട്ടറിമാരായ മനോജ് ജോഷി, ദേവേന്ദ്രകുമാർ ദൊഡാവത് തുടങ്ങിയവരും കൂട്ടയോട്ടത്തിൽ പങ്കെടുത്തു.

കൂടുതൽ യുവാക്കളെ ജനാധിപത്യപ്രക്രിയയിലേക്ക് കൊണ്ടുവരാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. പങ്കാളിത്തം വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ആരോഗ്യകരമായ ജനാധിപത്യം സൃഷ്ടിക്കാനാകും. ഇതിൽ നിർണായക പങ്ക് വഹിക്കുന്നത് യുവതലമുറയാണ്. 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ വോട്ടർപട്ടിക ജനുവരി 30 ഓടെ പ്രസിദ്ധീകരിക്കും. 2.54 കോടി വോട്ടർമാർ കേരളത്തിൽ ഉണ്ടാകുമെന്നാണ് പ്രാഥമിക കണക്കുകൾ. മൂന്നുലക്ഷത്തോളം വോട്ടർമാരുടെ വർധവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

തിരഞ്ഞെടുപ്പിൽ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യം സമ്മതിദായകരെ ബോധ്യപ്പെടുത്തുന്നതിനൊപ്പം മൂല്യാധിഷ്ഠിത സമ്മതിദാനം എന്ന ആശയം കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ടുവെക്കുന്നത്. ഏവർക്കും പ്രാപ്യമായ തിരഞ്ഞെടുപ്പ് എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. വോട്ടർ ദിനാഘോഷം ഇന്ന് (ജനുവരി 25) വൈകിട്ട് നാലിന് കനകക്കുന്ന് കൊട്ടാരത്തിൽ ഗവർണർ പി. സദാശിവം ഉദ്ഘാടനം ചെയ്യും.

 

പി.എൻ.എക്സ്.  278/19

date