എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസമായി ഡയാലിസിസ് യൂണിറ്റുകള്‍
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്രയമായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെയും ഡയാലിസിസ് യൂണിറ്റുകള്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡയാലിസിസ് സെന്ററില്‍ വൃക്കരോഗബാധിതരില്‍ ഹീമൊ ഡയാലിസിസ് ആവശ്യമായി വരുന്ന രോഗികള്‍ക്കും ഡയാലിസിസിനുള്ള സൗകര്യം സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഡയാലിസിസിനുവേണ്ടി മംഗലാപുരത്തെയും അന്യജില്ലകളെയും ആശ്രയിക്കേണ്ട വന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആശ്വാസത്തിന് വക നല്‍കുന്നതാണ് ഈ സെന്ററിന്റെ പ്രവര്‍ത്തനം.
2011 ല്‍ ആണ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനായുള്ള പ്രൊജക്ടില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡയാലിലിസ് കേന്ദ്രം നിലവില്‍ വന്നത്. ഡയാലിലിസ് കേന്ദ്രം രണ്ട് ഷിഫ്റ്റുകളായാണ് പ്രവര്‍ത്തിക്കുന്നത്. രാവിലെ എട്ട് മുതല്‍ ഒന്ന് വരെയാണ് ഒന്നാമത്തെ ഷിഫ്റ്റ്, ഒന്ന് മുതല്‍ അഞ്ച് വരെയാണ് രണ്ടാമത്തെ ഷിഫ്റ്റ്. ഒരു ദിവസം 15 പേരോളം ഡയാലിസിന് എത്തുന്നു. ഒരാള്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ ചുരുങ്ങിയത് നാലു മണിക്കൂറെങ്കിലും എടുക്കും. ഡോക്ടര്‍ക്ക് പുറമേ, നാല് സ്റ്റാഫ് നേഴ്സ്, മൂന്ന് ഡയാലിസിസ് ടെക്നീഷ്യന്, രണ്ട് ക്ലീനിംഗ് സ്റ്റാഫ്, എന്നിവരുടെ സേവനവും ഡയാലിസിസ് സെന്ററില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ നടത്തിപ്പിന് ആകെ 15 ലക്ഷത്തോലം രൂപ ചെലവാകുന്നു.
ജില്ലാ പഞ്ചായത്തിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും 25 ലക്ഷം രൂപ ഉപയോഗിച്ച് 2017 ല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ഡയാലിസിസ് കേന്ദ്രം ആരംഭിച്ചു. ഇതും എന്ഡോസല്ഫാന് ദുരിത ബാധിതര്‍ക്ക് അനുഗ്രഹമായി. ആകെ പന്ത്രണ്ട് മെഷീനുകളിലായി പതിനൊന്ന് രോഗികള്‍ക്ക് ഡയാലിസിസ് സൗകര്യം നല്കുന്നു. ഒരു ഷിഫ്റ്റിലാണ് ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തെ ഷിഫ്റ്റ് ഉടന്‍ തുടങ്ങും. ഒരു ഡോക്ടര്‍, രണ്ട് സ്റ്റാഫ്നേഴ്സ്, നാല് ടെക്നീഷ്യന്, ഒരു ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം ഇവിടെയും ലഭ്യമാക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തെ ഡയാലിസിസ് കേന്ദ്രത്തിന്റെ നടത്തിപ്പിന് ആകെ പതിനെട്ട് ലക്ഷത്തോളം രൂപ ചിലവാകുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍ ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് ആയിരങ്ങള്‍ ചെലവഴിക്കേണ്ടി വരുമ്പോഴാണ് ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും സൗജന്യമായി ചെയ്തുവരുന്നത്.
- Log in to post comments