Skip to main content

ഓഡിറ്റിംഗ് സുതാര്യമാകുന്നതോടെ ഭരണസംവിധാനങ്ങള്‍  കൂടുതല്‍ കാര്യക്ഷമമാകും : ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 

 

ഓഡിറ്റിംഗ് സുതാര്യമാകുന്നതോടുകൂടി ഭരണസംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന സോഷ്യല്‍ ഓഡിറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. ജനങ്ങള്‍ കാണുമെന്ന ചിന്ത ഉണ്ടായാല്‍ ജീവനക്കാരും ജനപ്രതിനിധികളും ആത്മാര്‍ഥമായ സേവനം കാഴ്ച വയ്ക്കുമെന്നും, സോഷ്യല്‍ ഓഡിറ്റിംഗ് നടക്കുന്ന ജില്ലാ പ്ലാനിംഗ് ഓഫീസും, അസിസ്റ്റന്റ് ഡവലപ്മെന്‍് കമ്മീഷണര്‍ ഓഫീസും മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ക്കുള്ള അലാറമാകണമെന്നും, സാമൂഹ്യപ്രതിബദ്ധതയോടെ ജനങ്ങളിലേക്ക് നേരിട്ട് ഇടപെട്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. 

അഴിമതിരഹിതവും കാര്യക്ഷമവുമായ സിവില്‍ സര്‍വീസ് മേഖലയിലെ വിവിധ വകുപ്പുകളും ഓഫീസുകളും ഏറ്റെടുത്തതിനാലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് തുടങ്ങിയത്. സിവില്‍ സര്‍വീസിനോടുള്ള പൊതുസമീപനം കൂടുതല്‍ സൗഹൃദപരമായ തരത്തിലേക്ക് മാറ്റാനും ഇതിലൂടെ സാധിക്കുന്നുണ്ട്. ഓഫീസുകളില്‍ നിന്നുള്ള സേവനങ്ങള്‍ കൃത്യമായി നല്‍കുകയും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഓഫീസുകളില്‍ അവ ഏര്‍പ്പെടുത്താന്‍ മുന്‍കൈയ്യെടുക്കുകയും കുടിശിക ജോലികള്‍ തീര്‍ത്തുമാണ് കാര്യക്ഷമതാപ്രഖ്യാപനത്തിലേക്ക് ഓഫീസുകള്‍ വന്നിട്ടുള്ളത്. ഓഫീസുകളില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വിലയിരുത്താനും പുതിയ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ച് കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. 

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.സോമസുന്ദരലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എസ്.വി സുബിന്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മിഷണര്‍ കെ.കെ വിമല്‍രാജ്, ജില്ലാ പ്ലാനിംഗ് റിസര്‍ച്ച് ഓഫീസര്‍ ജി.ഉല്ലാസ്, മനോജ്കുമാര്‍, കെ.ആര്‍ സുജാത തുടങ്ങിയവര്‍ പങ്കെടുത്തു.           (പിഎന്‍പി 292/19)

date