Skip to main content

കുട്ടികളുടെ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും ഉതകുന്ന പദ്ധതികള്‍ കൂട്ടുത്തരവാദിത്തത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം :  ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

 

 സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ സഹകരണത്തോടെ അവകാശാധിഷ്ഠിത ബാലസൗഹൃദ കേരളത്തിനായി തദ്ദേശ സ്വയംഭരണ ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണത്തിനായി ജില്ലാതല ഏകദിന ശില്പശാലയും ദേശീയ ബാലികാദിനാചരണവും സംഘടിപ്പിച്ചു. ഏഴംകുളം എംസണ്‍ ആഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ ജനപ്രതിനിധികള്‍, സ്‌കൂള്‍ അദ്ധ്യാപകര്‍, കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, വനിതാ ശിശു വികസനവകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, സ്‌കൂള്‍ ഹെല്‍ത്ത് നേഴ്‌സുമാര്‍, കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, പോലീസ് ആഫീസര്‍മാര്‍, സാമൂഹികപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുളള നിയമങ്ങളും പദ്ധതികളും പ്രദാനം ചെയ്യുന്ന പരിരക്ഷയും സേവനങ്ങളും വിഷമകരമായ സാഹചര്യത്തില്‍ ജീവിക്കുന്ന എല്ലാ കുട്ടികള്‍ക്കും ലഭിക്കണമെങ്കില്‍ ഗ്രാമ-ബ്ലോക്ക്-മുന്‍സിപ്പല്‍തല പ്രദേശങ്ങളില്‍ രൂപീകരിച്ചിട്ടുളള ബാലാവകാശ സംരക്ഷണ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കും വളര്‍ച്ചയ്ക്കും ഉതകുന്ന പദ്ധതികള്‍ ആഷ്‌ക്കരിച്ച് നടപ്പിലാക്കണം ഇതിനായി കൂട്ടുത്തരവാദിത്വം വേണമെന്ന് ശില്പശാല ഉദ്ഘാടനം ചെയ്യ്ത അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി അന്നപൂര്‍ണാ ദേവി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബാലാവകാശ കമ്മീഷന്‍ അംഗം സിസ്റ്റര്‍. ബിജി ജോസ് മുഖ്യപ്രഭാഷണം നടത്തി. പിന്നാക്ക ക്ഷേമ വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ എ.പി ജയന്‍ ശിശു സൗഹൃദ സംവിധാനങ്ങളെ പരിചയപ്പെടുത്തുന്ന ഡയറക്ടറി പ്രകാശനം ചെയ്യ്തു. ഡി.വൈ.എസ്.പി പ്രദീപ്കുമാര്‍, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂസമ്മ മാത്യൂ, ജില്ലാ ശിശു സംരക്ഷണ ആഫീസര്‍ എ.ഒ അബീന്‍, ഷാന്‍ രമേശ് ഗോപന്‍, എം.ആര്‍ രഞ്ചിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.                    (പിഎന്‍പി 299/19)

date