Skip to main content

ബ്രഹ്മപുരം പഌന്റ്: പ്രവര്‍ത്തനത്തില്‍ പുരോഗതി, ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണം

ബ്രഹ്മപുരം പഌന്റ്: പ്രവര്‍ത്തനത്തില്‍ പുരോഗതി, ആശങ്കയകറ്റാന്‍ നടപടി സ്വീകരിക്കണം

ബ്രഹ്മപുരെത്ത മാലിന്യസംസ്‌കരണപഌന്റിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതിയുണ്ടെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള  ഖരമാലിന്യസംസ്‌കരണത്തിനായുള്ള റീജിയണല്‍ മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന്‍  ജസ്റ്റിസ
ഡോ പി ജ്യോതിമണി. കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിനു ശേഷം എറണാകുളം താജ് ഗേറ്റ്‌വേയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയര്‍മാനും കമ്മിറ്റി അംഗങ്ങളും നേരത്തെ പഌന്റ് സന്ദര്‍ശിച്ചിരുന്നു. 

കൊച്ചി താരതമ്യേന വൃത്തിയുള്ള നഗരങ്ങളിലൊന്നാണ്. ബ്രഹ്മപുരം പഌന്റ് സന്ദര്‍ശനത്തില്‍ പ്രതീക്ഷിച്ചത്രയും ദുര്‍ഗന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെയും  അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരുടെയും ഇടപെടല്‍ മൂലം കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.  എന്നാല്‍ ഇത് ഒരു ക്‌ളീന്‍ ചിറ്റ് അല്ലെന്നും ഡോ പി ജ്യോതിമണി പറഞ്ഞു. ഒരു ചുവടുവയ്പ് മാത്രമാണിത്. നൂറു ശതമാനം മാലിന്യസംസ്‌കരണത്തിനായി കൂടുതല്‍ നടപടികള്‍ ആവശ്യമാണ്. 
 
 ഉറവിടത്തില്‍ നിന്നു തന്നെ തരം തിരിച്ചു മാത്രമേ മാലിന്യം ശേഖരിക്കുന്നുള്ളൂ എന്ന് ഉറപ്പു വരുത്താനും കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം. 

മാലിന്യ സംസ്‌കരണ രംഗത്ത് ക്രെഡായി നടപ്പാക്കുന്ന രീതികള്‍ മാതൃകാപരമാണെന്നും അവ മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരിക്കാവുന്നതാണെന്നും ജ്യോതിമണി പറഞ്ഞു. ക്രെഡായിയുടെ കൊച്ചി കഌന്‍ സിറ്റീ, ഗ്രീന്‍ സിറ്റി പദ്ധതി നടപ്പാക്കുന്ന മറൈന്‍ ഡ്രൈവിലെ ത്രിത്വം അപാര്‍ട്‌മെന്റ് കോംപഌക്‌സും കമ്മിറ്റി നേരത്തെ സന്ദര്‍ശിച്ചിരുന്നു. വീടുകള്‍ തോറുമുള്ള മാലിന്യശേഖരണത്തിനും മാലിന്യം തരം തിരിച്ചു ശേഖരിക്കുന്നത് ഉറപ്പു വരുത്തുന്നതിനുമായി ക്രെഡായി സ്വീകരിക്കുന്ന നടപടികളും തൃപ്തികരമാണെന്ന് കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു. 

കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന് ഉടന്‍ സമര്‍പ്പിക്കും.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു വേണ്ടിയുള്ള റീജിയണല്‍ മോണിറ്ററിംഗ് കമ്മിറ്റിയ്ക്കു പകരം കൂടുതല്‍ ഫലപ്രദമായ സംവിധാനത്തിനായി സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റികള്‍ അടുത്തമാസം 15 മുതല്‍ നിലവില്‍ വരുമെന്ന് ജ്യോതിമണി പറഞ്ഞു. ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയായിരിക്കും  കേരളത്തിലെ മോണിറ്ററിങ് കമ്മിറ്റിയുടെ ചെയര്‍മാന്‍.

റീജിയണല്‍ മോണിറ്ററിംഗ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറി ഹര്‍മന്ദര്‍ സിങ്, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ ആര്‍ ഗിരിജ, ജില്ലാ കളകടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, തദ്ദേശ സ്വയംഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ ടി മിത്ര, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധ്യക്ഷന്മാര്‍, മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍ കമ്മീഷണര്‍മാര്‍, സംസ്ഥാന ശുചിത്വമിഷന്‍ എക്‌സി. ഡയറക്ടര്‍ ഡോ ആര്‍ അജയകുമാര്‍ വര്‍മ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി അനൂജ എ എസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍  കെ സജീവന്‍, ക്രെഡായി പ്രൊജക്ട് മാനേജര്‍ ജോബി ജേക്കബ് തുടങ്ങിയവര്‍ ഖരമാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള പ്രസന്റേഷനുകള്‍ കമ്മിറ്റിയുടെ യോഗത്തില്‍ അവതരിപ്പിച്ചു.  കൊച്ചി സന്ദര്‍ശനവും യോഗവും ഫലപ്രദമാണെന്ന്  ചെയര്‍മാന്‍ ജ്യോതിമണി  അഭിപ്രായപ്പെട്ടു.  ബ്രഹ്മപുരം പഌന്റിനെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശങ്ക മാറ്റാനായി നടപടികളെടുക്കണമെന്ന് സംസ്ഥാനത്തിന്റെ പ്രതിനിധികളോടാവശ്യപ്പെട്ടു. പഌന്റിന്റെ പ്രവര്‍ത്തനം സമീപവാസികളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ബാധിക്കില്ലെന്ന്  പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള നടപടികളെടുക്കണം.

സംസ്ഥാന സര്‍ക്കാരിന്റെയും എന്‍ജിടിയുടെയും തുടര്‍ച്ചയായ നിരീക്ഷണവും പഌന്റിന്റെ പ്രവര്‍ത്തനത്തിലുണ്ടാവുമെന്നും ചെയര്‍മാന്‍ യോഗത്തില്‍ പറഞ്ഞു.

date