Skip to main content
കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 70-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കുന്നു.

ഭരണഘടനയെ സംരക്ഷിക്കുന്നവര്‍  യഥാര്‍ത്ഥ രാജ്യസ്‌നേഹികള്‍: മന്ത്രി ഇ. ചന്ദ്രശേഖരന്‍

ഭരണഘടനാ മൂല്യങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ എന്തു വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കണമെന്നും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നവരല്ല അതിനെ സംരക്ഷിക്കുന്നവരാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹികളെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു. രാജ്യം സ്വതന്ത്ര്യം പ്രാപിച്ചത് മുതല്‍ ഇക്കാലമത്രയും ജനാധിപത്യമൂല്യങ്ങള്‍ മുറുകെ പിടിച്ച് വിജയകരമായി മുന്നോട്ട് വന്നതിന്റെ ശക്തി സ്രോതസ്സ് ജനങ്ങളാണെന്നും അതിനെ സംരക്ഷിക്കാന്‍  രാജ്യസ്‌നേഹികളായ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച 70-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ക്ഷേമ രാഷ്ട്ര സ്വപ്നത്തിലേക്കുള്ള നമ്മുടെ യാത്രയ്ക്ക് കൂടുതല്‍ വേഗത കൈവരിക്കേണ്ടതുണ്ട്. വിഭാഗീയതയുടേയും ശാസത്രവിരുദ്ധതയുടെയും അന്ധകാരത്തെ മാറ്റി പുരോഗമന ചിന്തയും ശാസ്‌ത്രോന്മുഖതയും ഇന്ധനമായി സ്വീകരിച്ച് വെളിച്ചത്തിലേക്ക് നടന്നു കയറണം. അസത്യത്തില്‍ നിന്നും സത്യത്തിലേക്കും ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും നടക്കാനാണ് ഭാരതീയ ദര്‍ശനം ആഹ്വാനം ചെയ്യുന്നത്. കേരളം അഭിമുഖീകരിച്ച മഹാപ്രളയ ദുരന്തത്തില്‍ വിഭാഗീയ ചിന്തകള്‍ തീരെ ഇല്ലാതെ സാമൂഹിക പ്രതിബദ്ധതയോടെ ശാസ്ത്ര നേട്ടങ്ങളെ നാടിനായി ഉപയോഗിച്ച യുവതലമുറ രാജ്യത്തിന് വലിയ പ്രതീക്ഷകളാണ് സമ്മാനിക്കുന്നതെന്നും മാതൃകാപരമായ ഈ കര്‍മ്മബോധം ജനാധിപത്യ ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാന്‍ പ്രയോജനപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം ലഭിച്ച പല രാജ്യങ്ങളും പരാജയപ്പെട്ടപ്പോള്‍ ഇന്ത്യ അഭിവൃദ്ധിയിലേക്ക് സഞ്ചരിച്ചത് ഭരണഘടനാ മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഭരണഘടനയുടെയും രാജ്യത്തിന്റെയും അസ്തിത്വം വേര്‍തിരിക്കാനാകാത്തതാണ്. ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും അപകടത്തിലായാല്‍ രാജ്യത്തിന്റെ നിലനില്‍പ് തന്നെ അപകടത്തിലാകും. ഭരണഘടനാ മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ പൊതുസമൂഹം മുന്നോട്ട് വരണമെന്നും മന്ത്രി പറഞ്ഞു.   

date