സംസ്ഥാന സര്‍ക്കാരിന്റെ ആയിരംദിനാഘോഷം: ജില്ലയില്‍ വിപുലമായ പരിപാടികള്‍; സംഘാടക സമിതി രൂപികരിച്ചു
സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷം ജില്ലയില്‍ വിപുലമായ പരിപാടികളോടെ നടത്തുവാന്‍ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഫെബ്രുവരി 20 മുതല്‍ 27 വരെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ആയിരം ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് സംസ്ഥാനത്ത് 10,000 കോടി രൂപയുടെ വികസന പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ വിവിധ വികസന പദ്ധതികളുടെ ആരംഭവും പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനങ്ങളും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടക്കും. കൂടാതെ പ്രദര്‍ശനമേള, സെമിനാറുകള്‍, സാംസ്‌കാരികപരിപാടികള്‍ തുടങ്ങിയവും സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം 20ന് കാസര്‍കോടും സമാപന സമ്മേളനം 27ന് നീലേശ്വരത്തും നടത്തും. പ്രദര്‍ശന മേള കാഞ്ഞങ്ങാടും നടത്തുവാനും യോഗം തീരുമാനിച്ചു. ബേക്കലില്‍ ഡിടിപിസും ബിആര്‍ഡിസിയും സംയുക്തമായി കലാ സാംസ്‌കാരിക പരിപാടികളും വികസനസെമിനാറുകളും സംഘടിപ്പിക്കും. മഞ്ചേശ്വരത്ത് തുളു അക്കാദമിയുമായി സഹകരിച്ച് സെമിനാറും സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിക്കും.
ആഘോഷ പരിപാടികളോട് അനുബന്ധിച്ചുള്ള ജില്ലാതല സംഘാടക സമിതി രൂപികരിച്ചു. റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനാണ് ചെയര്‍മാന്‍. പി.കരുണാകരന്‍ എംപി, എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, എന്‍.എ നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ എന്നിവര്‍ രക്ഷാധികാരികളാണ്. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത്ബാബു കണ്‍വീനറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ ജോയിന്റ് കണ്‍വീനറുമാണ്. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും നഗരസഭ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ അംഗങ്ങളുമായിരിക്കും. അതാത് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എംഎല്‍എമാരുടെ അധ്യക്ഷതയില്‍ സംഘാടകസമിതി ഫെബ്രുവരി ആദ്യവാരം ചേരും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ നടത്തുന്ന വിവിധ വകുപ്പുകളുടെ പദ്ധതികളുടെ ഉദ്ഘാടനവും പദ്ധതികളുടെ തുടക്കവും നടത്തുന്നതിന് പ്രാദേശിക സംഘാടക സമിതികള്‍ അതാത് വകുപ്പ് മേധാവികളുടെയും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ രൂപികരിക്കുന്നതിനും തീരുമാനിച്ചു.
ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ മീഡിയ കോണ്‍ക്ലേവും സംഘടിപ്പിക്കും.
- Log in to post comments