രാജ്യത്തെ ഇരുട്ടിലേക്ക് തളളിവിടുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത വേണം : അഡ്വ. വി എസ് സുനില്‍കുമാര്‍
രാജ്യത്തെ ഇരുട്ടിലേക്ക് തള്ളിവിടുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍. തേക്കിന്‍ക്കാട് മൈതാനിയില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുസ്വര സംസ്‌ക്കാരവും സഹിഷ്‌ണുതയും ഇന്ന് കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. എല്ലാമതങ്ങള്‍ക്കും ഒരേപോലെ പരിഗണന നല്‍കുന്ന ഭരണഘടനയാണ് ഇന്ത്യയുടേത്. മതേതര പാരമ്പര്യത്തെ കാത്തുസൂക്ഷിക്കേണ്ടത് ഓരോ പൗരന്‍െ്‌റയും ചുമതലയാണ്. ഭരണഘടനയ്‌ക്കാണ് രാജ്യത്ത് പ്രഥമസ്ഥാനം. രാജ്യത്ത് നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന പ്രവണതകളെ അംഗീകരിക്കാന്‍ സാധിക്കില്ല. വ്യത്യസ്‌തതകളെ തുറന്ന മനസോടെ ഉള്‍കൊള്ളുകയും സഹിഷ്‌ണുതയും സഹകരണവും എല്ലാ മേഖലയിലും വളര്‍ത്തിയെടുക്കുകയും വേണം. നാനാത്വത്തില്‍ എകത്വം എന്ന തത്വം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും പൊതു സമൂഹത്തെ പൂര്‍ണമായും മോചിപ്പിക്കണം. ഇതിന് ശാസ്‌ത്രാവബോധവും യുക്തിചിന്തയും കൂടുതല്‍ വളര്‍ത്തിയെടുക്കേണ്ടത് കാലഘട്ടത്തിനും അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ ദിശയില്‍ നടത്തുന്ന ഇടപെടലുകള്‍ക്ക് പൊതുസമൂഹത്തിന്‍െ്‌റ പിന്തുണ ആവശ്യമാണ്. സ്വാതന്ത്രവും സമത്വവും മുഴുവന്‍ ജനങ്ങളുടേയും അവകാശമാണ്. ഇത് എല്ലാവര്‍ക്കും ലഭ്യമാക്കേണ്ടത് ഭരണകൂടത്തിന്‍െ്‌റ ഉത്തരവാദിത്വമാണ്. രാജ്യത്തിന്‍െ്‌റ പൊതുതാല്‌പര്യങ്ങളെ ഹനിക്കുന്ന നിലപാട് അംഗീകരിക്കാന്‍ സാധ്യമല്ല. ഭരണഘടനയും നീതിന്യായവ്യവസ്ഥയും ഔന്നിത്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
തീവ്രവാദത്തിനും വര്‍ഗീയതയ്‌ക്കും എതിരെ യോജിച്ച പോരാട്ടം നടത്തേണ്ടത് ഈ കാലഘട്ടത്തിന്‍െ്‌റ ആവശ്യമാണ്. രാജ്യത്തെ സാമ്പത്തികവും രാഷ്‌ട്രീയപരവുമായി അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രതവേണം. ഭരണഘടനയെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തിന്‍െ്‌റ അഖണ്ഡതയും അന്തസും കാത്തുസൂക്ഷിക്കാന്‍ ഓരോ പൗരനും ബാധ്യസ്ഥനാണ്. രാജ്യത്തിന്‍െ്‌റ ഫെഡറല്‍ സംവിധാനത്തെ കാത്തുസൂഷിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്ല്യമായ കടമയും ഉത്‌്‌തരവാദിത്വവുമാണുള്ളത്. ഇത് രാജ്യത്തിന്‍െ്‌റ സമഗ്ര പുരോഗതിക്ക് അനിവാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലെ എറ്റവും വലിയ പ്രളയത്തിനാണ് കഴിഞ്ഞവര്‍ഷം സംസ്ഥാനം സാക്ഷ്യംവഹിച്ചത്. പ്രളയത്തെ അതിജീവിക്കാനുള്ള വലിയ പ്രയത്‌നത്തിലാണ് ഇന്ന് സംസ്ഥാനം. പ്രളയകാലത്ത് ദൃശ്യമായ ഐക്യവും പരസ്‌പര സഹകരണവും എന്നും തുടരണമെന്നും രാജ്യത്തെ കൂടുതല്‍ ഉയരത്തിലെത്തിക്കാന്‍ കൂട്ടായി പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മികച്ച് പ്ലടൂണുകള്‍ക്കുള്ള പുരസ്‌ക്കാരം യഥാക്രമം ജില്ലാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്, കേരള ആംഡ് പോലീസ് ഒന്നാം ബറ്റാലിയന്‍, ജില്ലാ എക്‌സൈസ് വിഭാഗം എന്നിവയ്‌ക്ക മന്ത്രി സമ്മാനിച്ചു. തൃശൂര്‍ റേഞ്ചിലെ മികച്ച ക്ലീന്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കുള്ള പുരസ്‌ക്കാരം യഥാക്രമം പൊന്നാനി, പെരിന്തല്‍മണ്ണ, വലപ്പാട് പോലീസ് സ്‌റ്റേഷനുകള്‍ക്ക് മന്ത്രി വിതരണം ചെയ്‌തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്‌റ് മേരി തോമസ്, കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, മുന്‍ സ്‌പീക്കര്‍ തേറാമ്പില്‍ രാമകൃഷ്‌ണന്‍, ഡെപ്യൂട്ടി മേയര്‍ റാഫി ജോസ് പി, തൃശൂര്‍ റേഞ്ച് ഐ.ജി. എം.ആര്‍. അജിത്‌കുമാര്‍, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, റൂറല്‍ ജില്ലാ പോലീസ് മേധാവി എം.കെ. പുഷ്‌ക്കരന്‍, സിറ്റി പോലീസ് കമ്മീഷ്‌ണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സായുധ സേന റിസര്‍വ്വ് ഇന്‍സ്‌പെക്ടര്‍ കെ. വിനോദ്‌കുമാര്‍ പരേഡ് നയിച്ചു. 23 പ്ലടൂണുകള്‍ അണിനിരന്നു.
- Log in to post comments