Skip to main content

ജില്ലയുടെ കായിക താരങ്ങളെ കണ്ടെത്താന്‍ ടാലന്റ് ഹണ്ട് നാളെ മുതല്‍

ജില്ലയിലെ കായിക രംഗം നേരിടുന്ന പിന്നോക്കാവസ്ഥ പരിഹരിക്കാനും കായിക താരങ്ങളെ കണ്ടെത്തുന്നതിനും വിവിധ വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ടാലന്റ് ഹണ്ട് ഈ മാസം 30, 31 തീയ്യതികളിലായി കാസര്‍കോട് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന കാസര്‍കോട് ജില്ലയെ മുന്‍നിരയിലെത്തിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന്റെ പ്രത്യേക താല്‍പര്യപ്രകാരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ആവിഷ്‌കരിച്ച 'പതിമൂന്നില്‍ നിന്ന് ഒന്നിലേക്ക്' എന്ന കായിക പരിപാടിയുടെ ഭാഗമായാണ് ടാലന്റ് ഹണ്ട് സംഘടിപ്പിക്കുന്നത്. 
പരിപാടിയുടെ ഉദ്ഘാടനം 30ന് രാവിലെ പത്തിന് പി. കരുണാകരന്‍ എംപി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ അധ്യക്ഷത വഹിക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ നിന്ന് ഒരു ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും സ്‌കൂള്‍ തലത്തില്‍ തിരഞ്ഞെടുത്ത് മാസങ്ങളായി പരിശീലനം നല്‍കിവരുന്നു. 90 സ്‌കൂളുകളില്‍ നിന്നായി പരിശീലനം നേടിയ 480 ഓളം വിദ്യാര്‍ഥികളാണ് ജില്ലാതലത്തില്‍ നടക്കുന്ന ടാലന്റ് ഹണ്ടില്‍ പങ്കെടുക്കുക. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും ചേര്‍ന്ന് തുടര്‍ പരിശീലനം നല്‍കും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങളേര്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. അടുത്ത സ്‌കൂള്‍ കായികമേളയിലേക്ക് ജില്ലയില്‍ നിന്നും മികച്ച കായിക താരങ്ങളെ വാര്‍ത്തെടുക്കുകയാണ് പ്രധാന ലക്ഷ്യം. കായികപരിശീലനത്തിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ജില്ല കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. 

date