Skip to main content

മൃഗസംരക്ഷണ പോളിക്ലിനിക്കുകള്‍ ആരംഭിക്കും: മന്ത്രി രാജു

   കാസര്‍കോട് ജില്ലയിലെ  ബേഡഡുക്കയില്‍ ആടു ഫാം  ആരംഭിക്കുമെന്നും ഈ സാമ്പത്തികവര്‍ഷം അവസാനത്തോടെ ഇതിന് തറക്കല്ലിടുമെന്നും ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഇതിനായി 22 ഏക്കര്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തില്‍ മൃഗാശുപത്രി കെട്ടിടോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.      ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം  ഉറപ്പു വരുത്തും.വെറ്ററിനറി ഡോക്ടര്‍മാരുടെ ഒഴിവുള്ള തസ്തികകളില്‍ 10 ദിവസത്തിനകം നിയമനം നടത്താന്‍  വകുപ്പ് ഡയറക്ടര്‍ക്ക്  നിര്‍ദേശം നല്കി. ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റത്തിന് ശുപാര്‍ശയുമായി വന്നാല്‍ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
     രാത്രി കാലങ്ങളിലും മൃഗാശുപത്രികളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ആദ്യഘട്ടത്തില്‍ 85 ബ്ലോക്കുകളില്‍ ഒരാശുപത്രിയില്‍ ഒരു ഡോക്ടറുടെ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്. ഡോക്ടര്‍മാരെ സഹായിക്കാന്‍ ജീവനക്കാരെ താല്ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കും. അടുത്ത വര്‍ഷം എല്ലാ ബ്ലോക്കുകളിലും രാത്രികാല ഡോക്ടര്‍മാരെ നിയമിക്കും. മൃഗസംരക്ഷണ വകുപ്പില്‍  വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന  ആശ്രിത നിയമനം  പുനരാരംഭിക്കും. 18  പേര്‍ക്ക് പുതുതായി ആശ്രിത നിയമനം നല്കും.
            കേരളത്തില്‍ ഇറച്ചിക്കോഴി കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയില്‍ ജില്ലയ്ക്ക്  പ്രത്യേക പരിഗണന നല്കും. മൃഗസംരക്ഷണ പോളിക്ലിനിക്കുകള്‍ ആരംഭിക്കും. തൃക്കരിപ്പൂര്‍ മൃഗാശുപത്രിയെ പോളിക്ലിനിക് ആക്കണമെന്ന ആവശ്യത്തിന് മുന്തിയ പരിഗണന നല്കും.പാലുല്‍പാദനത്തില്‍ കേരളം അടുത്ത വര്‍ഷത്തിനകം സ്വയം പര്യാപ്തമാകും.ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള  ഗുണനിലവാരം കുറഞ്ഞ പാലും പച്ചക്കറികളും  ഇറച്ചിക്കോഴികളും ഉപയോഗിക്കേണ്ടി വരുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.ഇത് പരിഹരിക്കാന്‍ സ്വയം പര്യാപ്തത കൈവരിക്കേണ്ടത് അത്യാവശ്യമാണ്. കന്നുകാലികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ 50 ശതമാനം തുക സര്‍ക്കാറും 25 ശതമാനം തുക തദ്ദേശഭരണ സ്ഥാപനങ്ങളും 25 ശതമാനം  ഗുണഭോക്താവും  വഹിക്കുകയാണെങ്കില്‍ പദ്ധതി പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുമെന്ന്  മന്ത്രി പറഞ്ഞു.

date