ജീവിതത്തിന്റെ പച്ചപ്പ് തിരിച്ച് പിടിച്ച് ക്ഷീരകര്‍ഷകയായ വീട്ടമ്മ
അപ്രതീക്ഷിതമായി ഇരച്ചെത്തിയ പ്രളയജലം സര്‍വതും നശിപ്പിച്ചിട്ടും ഒന്നിനേയും പഴിക്കാതെ ജീവിതം വീണ്ടും കരുപ്പിടിപ്പിക്കുകയാണ് അടൂര്‍ കടമ്പനാട് പഞ്ചായത്ത് നിവാസി ഇന്ദിര. മുപ്പത്തിയാറ് വര്‍ഷമായി ക്ഷീരകര്‍ഷകയാണ് ഇന്ദിര. നാല് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചതോടെ ഇത് ഇന്ദിരയുടെ ഏകവരുമാനമാര്‍ഗമായി മാറി. എന്നാല്‍ പ്രളയത്തില്‍ ആകെയുണ്ടായിരുന്ന കിടപ്പാടവും, പശുത്തൊഴുത്തും, പശുക്കള്‍ക്കുള്ള തീറ്റയും, വീടിനോട് ചേര്‍ന്ന് പുന്നയ്ക്കാട് ഏലായില്‍ അറുപത് സെന്റില്‍ ചെയ്ത പുല്‍കൃഷിയും എഴുപത്തിയഞ്ച് മൂട് വാഴയും മറ്റും അപ്പാടെ നശിച്ചു. കൃത്യസമയത്ത് മാറ്റാന്‍ സാധിച്ചതുകൊണ്ടാണ് പശുക്കള്‍ക്ക് ഒന്നും സംഭവിക്കാതെ തിരിച്ച് കിട്ടിയത്. നിലവില്‍ അഞ്ച് പശുക്കളാണ് ഇന്ദിരയ്ക്കുള്ളത്. പ്രളയസമയത്ത് ഒരു പശുവിന് ചെനയുണ്ടായിരുന്നു. ക്യാമ്പിലേക്ക് പോകുന്ന വഴിക്കാണ് പശു പ്രസവിച്ചത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ച് പോയ നിമിഷങ്ങളായിരുന്നു അതെന്ന് ഇന്ദിര പറയുന്നു. പ്രളയശേഷം ക്യാമ്പില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴേക്കും തൊഴുത്ത് നശിച്ചതോടെ പശുവിനെ കെട്ടാനും വളര്‍ത്താനും സൗകര്യമില്ലാതായി. എന്നാല്‍, എല്ലാം ശരിയാകുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം പോലെ തന്നെ പതിയെ എല്ലാം ശരിയായി തുടങ്ങിയെന്ന് ഇന്ദിര പറയുന്നു.
ആദ്യം ഭാഗികമായി തകര്‍ന്ന വീട് നന്നാക്കാന്‍ പതിനായിരം രൂപ സര്‍ക്കാരില്‍ നിന്ന് അനുവദിച്ചു. അതുപയോഗിച്ച് വീട് ശരിയാക്കി. പിന്നീട്, ക്ഷീരവികസന വകുപ്പില്‍ നിന്ന് തൊഴുത്ത് പുനര്‍നിര്‍മിക്കാനും സഹായം ലഭിച്ചു. പശുവിനുള്ള കാലിത്തീറ്റയും സൗജന്യമായി ലഭിച്ചു. മൃഗസംരക്ഷണവകുപ്പില്‍ നിന്ന് കച്ചി,മരുന്ന്,കാല്‍സ്യപ്പൊടി എന്നിവയും ലഭിച്ചു. മാത്രമല്ല, പശുവിനുളള തീറ്റക്കായി പുന്നയ്ക്കാട് ഏലായില്‍ വീണ്ടും തൈപ്പുല്ല് വച്ചു പിടിപ്പിച്ചു. അതിനോടൊപ്പം തന്നെ വാഴകൃഷി ചെയ്ത് നഷ്ടമായ കൃഷിക്ക് പുതു ജീവന്‍ നല്‍കി ജീവിതത്തിന്റെ പച്ചപ്പ് തിരിച്ച് പിടിക്കാന്‍ ഒരുങ്ങുകയാണ് സാധാരണക്കാരിയായ ഈ വീട്ടമ്മ. സര്‍ക്കാര്‍ സഹായിച്ചു, അതിനോടൊപ്പം അല്‍പം അധ്വാനവും മാത്രം മതി നഷ്ടപ്പെട്ടത് തിരിച്ച് പിടിക്കാനെന്ന് നന്ദിയോടെ ഇന്ദിര പറയുന്നു.
(പിഎന്‍പി 350/19)
- Log in to post comments