Skip to main content

മഹാരാജാസ് കോളേജിലെ ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം പ്രസിദ്ധീകരിച്ചു

കൊച്ചി: മഹാരാജാസ് കോളേജ് കേന്ദ്രമായുള്ള ഗവേഷണ പ്രബന്ധങ്ങളുടെ സംഗ്രഹം പ്രകാശനവും ഗ്രന്ഥശാല സമുച്ചയ ശിലാസ്ഥാപനവും ഹൈബി ഈഡന്‍ എംഎല്‍എ നിര്‍വഹിച്ചു. കലാലയത്തിലെ അധ്യാപകര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കാറ്റലോഗ് പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. മഹാരാജാസിലെ ഗവേഷണ പ്രബന്ധങ്ങള്‍ അക്കാദമിക് സമൂഹത്തിന് മാതൃകയാണെന്നും മഹാരാജാസ് കോളേജിന്റെ പുരോഗതിക്കായി രാഷ്ട്രീയത്തിനതീതമായി സമൂഹത്തിന്റെ വിവിധ ശ്രേണിയിലുളളവര്‍ കൂട്ടായി പരിശ്രമിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു. 

ശാസ്ത്രം, ഭാഷ, സാമൂഹ്യശാസ്ത്രം എന്നീ വിഭാഗങ്ങളിലായി നൂറ് പ്രബന്ധങ്ങളാണ് പ്രകാശനം ചെയ്തത്. ശാസ്ത്ര പ്രബന്ധങ്ങള്‍ ഡോ. എന്‍.ആര്‍. സുജയും ഭാഷാ പ്രബന്ധങ്ങള്‍ ഡോ. സി. രാധാമണിയും സാമൂഹ്യശാസ്ത്ര പ്രബന്ധങ്ങള്‍ ഡോ. കെ.എം. വിനീതുമാണ് സമാഹരിച്ചത്.  കോളേജിലെ അധ്യാപകര്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ കാറ്റലോഗ് പ്രകാശനം മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. 

അറിവ് ഉദ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതില്‍ എല്ലാ കലാലയങ്ങള്‍ക്കുമുള്ള ഉത്തരവാദിത്തമാണ് മഹാരാജാസ് കോളേജ് നിര്‍വഹിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് പറഞ്ഞു. കോളേജിലെ ചരിത്രവിഭാഗം മുന്‍കൈയെടുത്ത് എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ മഹാരാജാസ് കോളേജിന്റെ 140 വര്‍ഷത്തെ സമഗ്ര ചരിത്രം തയാറാക്കണമെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കേരള സമൂഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, ധൈഷണിക ചരിത്രം കൂടിയാകും അതെന്നും അദ്ദേഹം പറഞ്ഞു. പ്രബന്ധങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയ അധ്യാപകരെയും ഗവേഷണ ബിരുദധാരികളെയും ചടങ്ങില്‍ ആദരിച്ചു. 

കോളേജ് ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. പി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് അംഗം ഡോ. എം.എസ്. മുരളി, പ്രിന്‍സിപ്പാള്‍ ഡോ. ഹിത എന്‍., വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. റീത്ത മാനുവല്‍, ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍, പി.ടി.എ സെക്രട്ടറി ഡോ. വിനോദ് കുമാര്‍ കല്ലോലിക്കല്‍, യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ മൃദുല ഗോപി, റിസര്‍ച്ച് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിന്ദു ഷര്‍മ്മിള ടി.കെ തുടങ്ങിയവര്‍ പങ്കെടുത്തു. 

date