ജില്ലാ പഞ്ചായത്ത് പദ്ധതി: നാപ്കിൻ ഇൻസിനറേറ്റർ വിതരണോദ്ഘാടനം നിർവഹിച്ചു
ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ഘടക സ്ഥാപനങ്ങളിലും സ്‌കൂളുകളിലും സ്ഥാപിക്കുന്ന നാപ്കിൻ ഇൻസിനറേറ്ററിന്റെ വിതരണോദ്ഘാടനം പ്രസിഡന്റ് കെ വി സുമേഷ് നിർവഹിച്ചു. 2018-19 പദ്ധതിയിലുൾപ്പെടുത്തി മൂന്ന് വർഷത്തെ മെയിന്റനൻസ് ചാർജ്ജ് ഉൾപ്പെടെ ഒരു കോടി രൂപ ചെലവിലാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ 104 സ്ഥാപനങ്ങളിലായി 280 ഇൻസിനറേറ്ററുകളാണ് വിതരണം ചെയ്തത്.
33000 രൂപയാണ് ഒരു ഇൻസിനറേറ്ററിന്റെ വില. ഉപയോഗിച്ച നാപ്കിനുകൾ നശിപ്പിക്കാനുള്ള സൗകര്യം തൊഴിലിടങ്ങളിലും സ്‌കൂളുകളിലും ലഭിക്കുന്നതോടെ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന പ്രധാന പ്രശ്നത്തിനാണ് പരിഹാരമാകുന്നത്. ഏവർക്കും ബുദ്ധിമുട്ടില്ലാതെ ഇൻസിനറേറ്റർ ഉപയോഗിക്കാൻ സാധിക്കും. ഇത് ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിതരണക്കാരായ എച്ച്എൽഎൽ കമ്പനി അധികൃതർ വിശദീകരിച്ചു.
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകുന്ന പദ്ധതി വിജയകരമായാൽ അടുത്ത വർഷം കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും. കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി ടി റംല, കെ ശോഭ, അംഗങ്ങളായ അജിത്ത് മാട്ടൂൽ, അൻസാരി തില്ലങ്കേരി, സെക്രട്ടറി വി ചന്ദ്രൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, അധ്യാപകർ, ഘടകസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments